KOYILANDY DIARY

The Perfect News Portal

പ്രിയജനതയുടെ കണ്ണീര്‍പ്പൂക്കള്‍ ഏറ്റുവാങ്ങി കലാഭവന്‍ മണി യാത്രയായി

തൃശൂര്‍ > അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കംമാറാത്ത പ്രിയജനതയുടെ കണ്ണീര്‍പ്പൂക്കള്‍ ഏറ്റുവാങ്ങി കലാഭവന്‍ മണി യാത്രയായി. ചേനത്തുനാട്ടിലെ വീട്ടുവളപ്പില്‍ സഹോദര പുത്രന്‍ സിനീഷ് ചിതയ്ക്ക് തീകൊളുത്തിയതോടെ മലയാളസിനിമയില്‍ വിസ്മയംതീര്‍ത്ത വ്യത്യസ്തമായ ഒരധ്യായത്തിന് തിരശ്ശീല. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. ഞായറാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.

അഭൂതപൂര്‍വമായ ജനസഞ്ചയമാണ്  തൃശൂര്‍ മെഡിക്കല്‍ കോളേജ് ഗ്രൌണ്ടിലും സംഗീതനാടക അക്കാദമിയിലും ചാലക്കുടി മുനിസിപ്പല്‍ ടൌണ്‍ഹാള്‍ ഗ്രൌണ്ടിലും വീട്ടിലും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. ആരാധകരും സൃഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും നൊമ്പരമടക്കാനാവാതെ വിതുമ്പി. ചാലക്കുടിയില്‍ പകല്‍ രണ്ടോടെയാണ് മൃതദേഹമെത്തിച്ചത്. രാവിലെ പത്തോടെ നഗരസഭ ഗ്രൌണ്ടും പരിസരവും നിറഞ്ഞുകവിഞ്ഞു. പൊതുപ്രദര്‍ശന വേദിയിലേക്ക് മൃതദേഹം എത്തിക്കാന്‍ മുക്കാല്‍ മണിക്കൂറെടുത്തു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ആയിരങ്ങള്‍ കാത്തുനിന്നിരുന്നു. ഒപ്പം രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖരും. ഏര്‍പ്പെടുത്തിയ മുന്‍കരുതലുകളും സജ്ജീകരണവും അരമണിക്കുറിനുള്ളില്‍ത്തന്നെ കാറ്റില്‍ പറന്നു. തിരക്കില്‍പ്പെട്ട് പലരും തലകറങ്ങിവീണു. റീത്തുകളര്‍പ്പിക്കാനെത്തിയവരില്‍ പലരും ഹാളിനുമുന്നിലെ ചിത്രത്തിനു മുന്നില്‍ റീത്തുവച്ച് മടങ്ങി. കാര്യങ്ങള്‍ നിയന്ത്രണാതീതമായപ്പോള്‍ മൃതദേഹം വീട്ടിലേക്കെടുത്തു.

മൂന്നേമുക്കാലോടെ ചേനത്തുനാട്ടിലെ വീട്ടിലേക്ക് മൃതദേഹം എത്തുംമുമ്പേ പ്രദേശത്തെ വഴികളെല്ലാം ജനനിബിഡമായി. മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് വീടുവരെയെത്തിക്കാന്‍ നന്നേ ബുദ്ധിമുട്ടി. വീടിനകത്ത് ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും മറ്റ് ബന്ധുക്കളും മണിയെ അവസാനമായി ഒരുനോക്കു കണ്ടു.. നാലരയോടെ മൃതദേഹം പുറത്തേക്കെടുത്തു. അന്ത്യകര്‍മങ്ങള്‍ക്കുശേഷം അഞ്ചേകാലോടെ ചിതയിലേക്ക്.

Advertisements