KOYILANDY DIARY

The Perfect News Portal

പ്രശസ്ത കവിയും ജ്ഞാനപീഠം ജേതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു

തിരുവനന്തപുരം > പ്രശസ്ത കവിയും  ജ്ഞാനപീഠം ജേതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.49ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. പി പി സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍, ഡോ.മായാദേവി.

സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠം  പുരസ്കാരം 2010ല്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍  ലഭിച്ചിട്ടുണ്ട്. 2007 ല്‍ എഴുത്തച്ചന്‍ പുരസ്ക്കാരം നേടിയിട്ടുള്ള ഒഎന്‍വി പതിമൂന്ന് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്ക്കാരം നേടിയിട്ടുണ്ട്. 1989 ല്‍ വൈശാലിയിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ബാലപ്രസിദ്ധീകരണമായ തത്തമ്മയുടെ പത്രാധിപരാണ്.

നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും  ഗാനങ്ങള്‍ രചിച്ചിട്ടുള്ള  ഒഎന്‍വി കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായിരുന്നു. 1989 തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപെട്ടു.

Advertisements

1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ളാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായാണ് (ഒറ്റപ്ളാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്) എന്ന ഒ എന്‍ വി ജനിച്ചത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്എന്‍ കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചനയില്‍ തത്പരയായിരുന്ന ഒഎന്‍വി പതിനഞ്ചാം വയസ്സിലാണ് തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത്  1949ല്‍പുറത്തിറങ്ങിയ പൊരുതുന്ന സൌന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. സമരത്തിന്റെ സന്തതികള്‍,ഞാന്‍  നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം,അഗ്നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം എന്നിവ പ്രധാന കവിതാ സമാഹാരങ്ങളാണ്. നൂറോളം ചലചിത്ര ഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒഎന്‍വിയുടെ ആരെയും ഭാവ ഗായകനാക്കും, ആത്മാവില്‍  മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം, മഞ്ഞ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ആദിയുഷസന്ധ്യപൂത്തതിവിടെ എന്നീ ഗാനങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ എന്നും മായാതെ കിടക്കുന്നവയാണ്.