നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്.പി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. കേസില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ ചൊവ്വാഴ്ചയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്.
കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദേശത്തു പോകാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പൊലീസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ദുബൈ യാത്രയെ പ്രോസിക്യൂഷന് എതിര്‍ക്കും. തെളിവ് നശിപ്പിക്കാനുള്ള യാത്രയാണിതെന്ന് പൊലീസ് കോടതിയെ അറിയിക്കും.
അതേസമയം കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ലി തോമസിന്റെ രഹസ്യ മൊഴിയെടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞു. ലക്ഷ്യയിലെ ജീവനക്കാരനെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.