KOYILANDY DIARY

The Perfect News Portal

ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ആദ്യ സ്മാരകം: ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി> വി.ആര്‍ കൃഷ്ണ്ണയ്യരുടെ പേരിലുളള സംസ്ഥാനത്തെ ആദ്യ സ്മാരകം ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച കൃഷ്ണ്ണയ്യര്‍ ബ്ലോക്കാണ് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ഇന്ന് വൈകിട്ട് 3ന്  ഉദ്ഘാടനം ചെയ്യുന്നത്. കെ.ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, മുന്‍ എം.എല്‍.എ വിശ്വന്‍ മാസ്റ്റര്‍, പി.ഗോകുല്‍ ദാസ്, യു.കെ ചന്ദ്രന്‍, കെ.ഗോകുല കൃഷ്ണന്‍, യു.രാജീവന്‍, കെ.ഷിജു തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ കുട്ടിക്കാലവും കൗമാരവും യുവത്വത്തിന്റെ ആദ്യഭാഗവും ചെലവഴിച്ച കൊയിലാണ്ടിയില്‍ കൃഷ്ണയ്യരുടെ പേരില്‍ നിര്‍മ്മിച്ച കെട്ടിടം സംസ്ഥാനത്തെ ആദ്യ സ്മാരകമാകുന്നു. അദ്ദേഹം ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയ കൊയിലാണ്ടി ഗവ: ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ് കെ ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ കെട്ടിടം നിര്‍മ്മിച്ചത്.

കെട്ടിടം കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി വിഭാഗം ബ്ലോക്കായാണ് ഉപയോഗിക്കുക. കഴിഞ്ഞ ഡിസംബര്‍ 4നാണ് കൃഷ്ണയ്യര്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. കൃഷ്ണയ്യരുടെ ദേഹവിയോഗത്തിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ എം.എല്‍.എ യുടെ നേതൃത്വത്തിലുളള കൊയിലാണ്ടിയില്‍ നിന്നും പോയ പ്രതിനിധി സംഘത്തിന് കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളില്‍ ഉയരാന്‍ പോകുന്ന കെട്ടിടത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേരിടാനുളള സമ്മതം അദ്ദേഹം കൊടുത്തിരുന്നു. ആദ്യഗഡു എന്ന നിലയില്‍ ഒരു ചെറിയ സംഖ്യ ഏല്‍പ്പിക്കാനും അദ്ദേഹം തയ്യാറായി.

Advertisements

എം.എല്‍.എ മണ്ഢലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ “ഡീപി”ന്റെ ഭാഗമായാണ് ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നത്. രണ്ടരക്കോടി രൂപ ചെലവിട്ടാണ് രണ്ട് നിലകളിലുളള കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പണിതത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടര്‍ മീഡിയ ലാബുകളും, ലൈബ്രറി, ഓഫീസ്, ആറ് ക്ലാസ് റൂമുകള്‍, ബോയ്‌സ് റൂം, ഗേള്‍സ് റൂം, എന്നിവ അടങ്ങിയതാണ് പുതിയ ബ്ലോക്ക്. പുതിയ ഫണ്ട് കണ്ടെത്തി മൂന്നാം നിലകൂടി പണിതാല്‍ പുതിയ ബാച്ചുകളും ഇവിടെ ആരംഭിക്കാന്‍ കഴിയും.