KOYILANDY DIARY

The Perfect News Portal

കോഴിക്കോട് തലക്കുളത്തൂര്‍ എലിയോട്ട് മലയില്‍ വന്‍ ചെങ്കല്‍ഖനനം

കോഴിക്കോട് :  ഇരുമ്ബയിര് നിക്ഷേപമുള്ള കോഴിക്കോട് തലക്കുളത്തൂര്‍ എലിയോട്ട് മലയില്‍ വന്‍ ചെങ്കല്‍ഖനനം. മലയുടെ ചുറ്റിലുമുള്ള സ്വാഭാവികവനങ്ങളും ജൈവസമ്ബത്തും അപ്പാടെ കവര്‍ന്നെടുത്താണ് ചെങ്കല്‍ മാഫിയയുടെ അഴിഞ്ഞാട്ടം. നാട്ടുകാരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും എതിര്‍പ്പ് വകവയ്ക്കാതെ ജിയോളജി വകുപ്പ് നല്‍കിയ അനുമതിയുടെ മറവിലാണ് ഖനനം. ഖനനത്തിന്റെ മറവില്‍ നൂറിലേറെ ചന്ദനമരങ്ങളും മുറിച്ചുമാറ്റി.

അപൂര്‍വ ഔഷധസസ്യങ്ങളും മയിലുകളടക്കമുള്ള പക്ഷികളും വിലമതിക്കാനാകാത്ത ജൈവസമ്ബത്തുമാണ് എലിയോട്ട് മലയുടെ സ്വത്ത്. വാനരന്‍മാരുടെ അഭയസ്ഥാനമെന്ന് പേരുകേട്ട വള്ളിക്കാടുകാവും മലയുടെ അടിവാരത്താണ്. ഇവയെല്ലാം എന്നേക്കുമായി കവര്‍ന്നെടുത്താണ് ചെങ്കല്‍ മാഫിയയുടെ തേര്‍വാഴ്ച.

നാട്ടുകാരുടെയും പ്രകൃതിസ്നേഹികളുടെയും ശക്തമായ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ജിയോളജി വകുപ്പ് നല്‍കിയ അനുമതിയുടെ മറവിലാണ് ഈ കടുംകൈ. അനുവദിക്കപ്പെട്ടതിന്റെ ഇരട്ടിയേലെറെ പ്രദേശം ചെങ്കല്‍മാഫിയ തുരന്നുകഴിഞ്ഞെങ്കിലും അധികൃതര്‍ നടപടിയെടുക്കാത്തതിന്റെ ദുരിതം പേറുകയാണ് മലയും പരിസരപ്രദേശങ്ങളും. 164 ഏക്കറിലുള്ള മലയുടെ പല ഭാഗങ്ങളിലായാണ് ഖനനം. പ്രദേശത്തെ ജൈവസമ്ബത്തിനെ ഖനനം ബാധിച്ചുതുടങ്ങിയപ്പോള്‍ നാട്ടുകാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഒരുഭാഗത്ത് താല്‍കാലികമായി നിര്‍ത്തിവെച്ചെങ്കിലും മറുവശത്ത് നിര്‍ബാധം തുടരുന്നു. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും നിയമംകൊണ്ടുതന്നെ മറയുണ്ടാക്കിയും ക്വാറിമാഫിയ ഖനനം തുടരുകയാണ്.

Advertisements