കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ എട്ടാംക്ലാസുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെ ഇന്നു പുലര്‍ച്ചെ ആനക്കല്ലില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മറ്റൊരു മോഷണക്കേസിലും പ്രതിയാണ് അരുണ്‍ സുരേഷ്.
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാളാണ് അതിക്രമിച്ച് കയറി 12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കുട്ടി സ്കൂള്‍ വിട്ടു വന്ന സമയം തക്കം പാര്‍ത്തിരുന്ന അക്രമി കുടിവെള്ളം ചോദിച്ചെത്തുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രി 9 മണിയോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് നല്കിയ ഫോട്ടോകള്‍ പരിശോധിച്ചാണ് പീഡനത്തിനിരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തുകൂടി ബൈക്കില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെണ്‍ക്കുട്ടി മൊഴി നല്കി. ബലാത്സംഗത്തിന് 376 വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.