KOYILANDY DIARY

The Perfect News Portal

കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈെവറുടെ കാലറ്റു

തിരുവനന്തപുരം  >  ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈെവറുടെ കാലറ്റു. അപകടത്തില്‍ അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കടമ്പാട്ടുകോണം എതുക്കാട്ട് മുക്കിലാണ് അപകടമുണ്ടായത്. കണ്ടെയ്നര്‍ ലോറി ഡ്രെെവറായ കാവനാട് സ്വദേശി ഗണേശിന്റെ വലതുകാലാണ് അറ്റുപോയത്. കണ്ടെയ്നര്‍ ലോറിയിലെ യാത്രക്കാരായിരുന്ന കുണ്ടറ പേരയം പടപ്പക്കര മയിലാടുംപൊയ്കയില്‍ ബെന്നിച്ചന്‍(62) മകന്‍ അനില്‍ബെന്‍ (35) എന്നിവരെയും ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോകാനായി കണ്ടെയ്നറില്‍ കയറിയതാണ് ബെന്നച്ചനും മകനും. ആന്ധ്ര രജിസ്ട്രേഷനുള്ള ട്രെയിലറിന്റെ ഡ്രെെവറായ പശ്ചിമബംഗാള്‍ സ്വദേശിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.