KOYILANDY DIARY

The Perfect News Portal

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിനായി വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയില്‍ ഒരു നിശ്പിത പരിധിയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരം സംവിധാനം എന്ന നിലയിലുള്ള തീരുമാനം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എടുത്തിരിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടി.

ഇതിനായി വിസാചട്ടത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം. 18 മാസ കാലയളവിനിടയില്‍ 10 കോടി രൂപയും 36 മാസത്തിനിടയില്‍ 25 കോടിയും നിക്ഷേപിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. പണമിറക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയില്‍ ആയിരിക്കണം. നിക്ഷേപത്തിലൂടെ 20 ഇന്ത്യാക്കാര്‍ക്കെങ്കിലും തൊഴില്‍ കിട്ടണം തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

10 വര്‍ഷത്തേക്കാണ് സ്ഥിരതാമസ പദവി. പിന്നീട് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കും. വിസ ഇളവുകള്‍, വിദ്യാഭ്യാസവും തൊഴില്‍ ചെയ്യാനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിക്ഷേപകന്റെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടായിരിക്കും.

Advertisements