KOYILANDY DIARY

The Perfect News Portal

ഉമ്മന്‍ചാണ്ടിയുടെ രാജി ; സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐ പോലീസ് സംഘര്‍ഷം

തിരുവനന്തപുരം> സോളാര്‍ ഇടപാടില്‍ കൈക്കൂലി ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ പ്രകടനത്തെ പൊലീസ് ലാത്തിചാര്‍ജ് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിചാര്‍ജില്‍ പലര്‍ക്കും ഗുരുതര പരിക്കേറ്റു. പരിക്കേറ്റ് ചോരയൊഴുക്കുന്ന പ്രവര്‍ത്തകരെ എടുത്തുകൊണ്ടുപോകുന്നവരേയും പൊലീസ് തല്ലി. തുടര്‍ന്ന് ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്.

രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പിന്നീട് മുഖ്യമന്ത്രി പോയ വെസ്റ്റ് ഹില്‍ ഗസ്റ്റ്ഹൌസിലും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

രാവിലെ അഞ്ചിന് മലബാര്‍ എക്സ്പ്രസില്‍ ഉമ്മന്‍ചാണ്ടി എത്തുന്നതറിഞ്ഞ പ്രവര്‍ത്തകാര്‍ സ്റ്റേഷനില്‍ തമ്പടിക്കുകയായിരുന്നു. യുവമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. വിവരമറിഞ്ഞ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. ഇതോടെ വന്‍ പൊലീസ് സംഘമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വന്‍ സുരക്ഷാവലയത്തിലാണ് ഉമ്മന്‍ചാണ്ടിയെ പുറത്തെത്തിച്ചത്. റോഡിലും പൊലീസിനെ വിന്യസിച്ചിരുന്നു. ഗസ്റ്റ് ഹൗസിലും കനത്ത പൊലീസ് സുരക്ഷയാണുള്ളത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ഏറെ നേരം പുറത്തിറങ്ങാനായില്ല. കാലിക്കറ്റ് സര്‍വ്വകലാശായിലെ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനമടക്കം നിരവധി പരിപാടികള്‍ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് മലപ്പുറത്തുണ്ട്.

Advertisements