KOYILANDY DIARY

The Perfect News Portal

ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും

കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ പുരി കെമല്‍ഗോഡ ടൗണ്‍ സ്വദേശി ദിലീപ് ബെഹ്റ (28)യെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമകേസുകള്‍ പരിഗണിക്കുന്ന (പോക്സോ) പ്രത്യേക സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പോക്സോ നിയമത്തിന്റെ പത്താം വകുപ്പനുസരിച്ച്‌ അഞ്ചുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും എട്ടാം വകുപ്പനുസരിച്ച്‌ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴസംഖ്യ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കണം.

സ്കൂള്‍ കഴിഞ്ഞ് കളിക്കാന്‍ പോകുന്നതിനിടെ കുട്ടിയെ പലതവണ ദിലീപ് ബെഹ്റ താന്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 2016-ലാണ് സംഭവം. ഒരുദിവസം അച്ഛന്റെ ഒപ്പം വരുന്ന വഴിയില്‍ പ്രതിയെ കണ്ട് കരഞ്ഞ കുട്ടിയോട് ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വിശദമായി പറഞ്ഞത്. മാറാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പതിനൊന്ന് സാക്ഷികളെയും പത്ത് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *