തിരുവനന്തപുരം :  പൊലീസില്‍ നിയമനം നല്‍കാമെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ ഉപയോഗിച്ചതിനെപ്പറ്റിയുള്ള അന്വേഷണം സ്തംഭിപ്പിച്ചു. നൂറിലധികം പേരില്‍നിന്ന് രണ്ടുകോടി രൂപയിലധികം കബളിപ്പിച്ചെടുത്ത പൊലീസ് നിയമന തട്ടിപ്പില്‍ മന്ത്രിയുടെ ഓഫീസിനുള്ള ബന്ധം പുറത്തുവന്നതോടെ എല്ലാ അന്വേഷണങ്ങളും മരവിച്ചിരിക്കയാണ്.

കേസിലെ പ്രധാന പ്രതി തൃക്കുന്നപ്പുഴ സ്വദേശി ശരണ്യയുടെ വെളിപ്പെടുത്തലാണ് മന്ത്രിയുടെ ബന്ധം പുറത്തുകൊണ്ടുവന്നത്. മന്ത്രിയുടെയും പിഎസ്സി ഓഫീസിന്റെയും സീലുകള്‍ താന്‍ ഉപയോഗിച്ചിരുന്നെന്നും അത് ഒറിജിനല്‍ സീലുകളായിരുന്നെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാധ്യമങ്ങളോട് ശരണ്യ കരഞ്ഞുകൊണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹരിപ്പാട് കോടതിയിലും പിന്നീട് മജിസ്ട്രേട്ടിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലും ശരണ്യ തട്ടിപ്പിന് സഹായം ചെയ്തവരെക്കുറിച്ച് പറഞ്ഞിരുന്നു. തൃക്കുന്നപ്പുഴയിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിയാണ് മന്ത്രിയുമായി ബന്ധപ്പെടുന്നതെന്നും മന്ത്രിയുടെ ഓഫീസ് പൂര്‍ണ സഹായം നല്‍കിയെന്നുമാണ് ശരണ്യ മൊഴിനല്‍കിയത്.

ആഭ്യന്തരമന്ത്രിക്കെതിരെ വ്യക്തമായ ആരോപണം ഉയര്‍ന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി ജയിലിലെത്തിയാണ് ശരണ്യയെ കണ്ടത്. മന്ത്രിയുടെ പേര് പരാമര്‍ശിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, മജിസ്ട്രേട്ടിനു മുന്നില്‍ നല്‍കിയ മൊഴിയില്‍ മന്ത്രിയെ നേരിട്ടു കണ്ട കാര്യവും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടതും ശരണ്യ പറഞ്ഞു. മന്ത്രി പറയുന്ന ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. ഇതിനുമുമ്പ് ശരണ്യയെ സ്വാധീനിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

Advertisements

യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ശരണ്യയെ ഹരിപ്പാട്ടുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയത്. നമുക്ക് കുട്ടികളെ കൊണ്ടുതരുന്ന ആളാണെന്നാണ് ശരണ്യയെ പരിചയപ്പെടുത്തിയത്. ക്യാമ്പ് ഓഫീസിലെ മന്ത്രിയുടെ പിഎ വേണു എല്ലാ സഹായങ്ങളും നല്‍കി. പിഎസ് സിഓഫീസിലെ ഉദ്യോഗസ്ഥരും സഹായിച്ചുവെന്ന് ശരണ്യ പറഞ്ഞിരുന്നു.തട്ടിപ്പിന് ഇരയായവര്‍ക്ക് പിഎസ്സി ഓഫീസിലെ സീല്‍ ഉപയോഗിച്ചുള്ള അഡൈ്വസ് മെമ്മോ ലഭിച്ചിരുന്നു. പലര്‍ക്കും ഓഫര്‍ ലെറ്ററും നല്‍കി. ഇവയൊക്കെ വ്യാജമായി തട്ടിക്കൂട്ടിയതാകാമെങ്കിലും പിഎസ്സി ഓഫീസിലെയും മന്ത്രിയുടെ ഓഫീസിലെയും സീലുകള്‍ ഒറിജിനലാണെന്ന് ശരണ്യ പറയുന്നു. ഇത് ശരിയാണെങ്കില്‍ അത്യന്തം ഗുരുതരമായ വിഷയമാണ്. തട്ടിപ്പ് പുറത്തുവന്നതോടെ ശരണ്യയോട് ബംഗളൂരുവില്‍ പോയി ഒളിവിലിരിക്കാന്‍ നിര്‍ദേശിച്ചതും യൂത്ത് കോണ്‍ഗ്രസ് നേതാവാണ്.  കാര്യങ്ങളെല്ലാം തുറന്നുപറയാമെന്ന് കരുതിയ ശരണ്യക്കു മുമ്പില്‍ തടസ്സമായി നില്‍ക്കുന്നത് പൊലീസ് സംവിധാനമാണ്.