KOYILANDY DIARY

The Perfect News Portal

അലകടലായി നവകേരള മാർച്ച് ശംഖുമുഖത്ത് സമാപിച്ചു

തിരുവനന്തപുരം > ഹൃദയവികാരത്തിന്റെ ചുവപ്പണിഞ്ഞ് ആര്‍ത്തലച്ചെത്തിയ ജനപ്രവാഹത്തിനുമുന്നില്‍ മഹാസാഗരം സാക്ഷിയായി. ഇടിമുഴക്കംപോലെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ കടലലകള്‍  നെഞ്ചേറ്റുവാങ്ങി. സായന്തനത്തിന്റെ ചാരുത ഏറ്റുവാങ്ങി നവകേരളത്തിനായുള്ള ചുവടുവയ്പ് സമരോജ്വലമായ അനന്തപുരിയുടെ ചരിത്രത്തിന്റെ ഏടുകളിലേക്കു കടന്നു. സമാപന സമ്മേളനം സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

നവകേരള മാര്‍ച്ചിന്റെ സമാപനംകുറിച്ച് ശംഖുംമുഖം കടപ്പുറത്തെ ചുവപ്പണിയിച്ച മഹാസമ്മേളനം ജനപങ്കാളിത്തവും ആവേശവും ഒത്തുചേര്‍ന്ന് പുതിയ ചരിത്രമെഴുതി. സമരാവേശത്തിന്റെ ഉള്‍ത്തുടിപ്പ് പ്രതിധ്വനിയായപ്പോള്‍ കിലോമീറ്ററുകള്‍ നീണ്ട സാഗരതീരം കേരളീയ ജനഹിതത്തിന്റെ സാക്ഷ്യപത്രമായി. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ തങ്ങളുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ ധന്യതയില്‍ ആകാശം മുട്ടെ മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. അഴിമതിയും കൊള്ളരുതായ്മയും ഭീകരതയും മുഖമുദ്രയാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്തിന്റെ ദിശാസൂചികയായി അവ മാറി. ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ശംഖുംമുഖം കടല്‍ത്തീരം ഇതുവരെ ദര്‍ശിക്കാത്ത മനുഷ്യമഹാപ്രവാഹമായിരുന്നു തിങ്കളാഴ്ച അരങ്ങേറിയത്. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തില്‍പ്പരം ബൂത്തുകളില്‍നിന്നുള്ള സ്ത്രീകളും തൊഴിലാളികളും യുവാക്കളുമൊക്കെ ഒത്തുചേര്‍ന്ന് ഒഴുകിയെത്തിയപ്പോള്‍ തീരത്തുമാത്രമല്ല അലയാഴിയിലും ആവേശത്തിരയുയര്‍ന്നു. വികാരം ഒട്ടും ചോരാതെ അത് മണിക്കൂറകളോളം അലയടിച്ചു. തിങ്കളാഴ്ച ഉച്ചമുതല്‍തന്നെ ശംഖുംമുഖത്തേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ സംഘാടകര്‍ക്കുപോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ജനങ്ങള്‍ പ്രവഹിച്ചുതുടങ്ങി. ഓരോ ചുവടും കടല്‍ത്തീരത്തേക്ക് ആവേശപൂര്‍വം എത്തിക്കൊണ്ടിരുന്നു. ചെങ്കൊടി കെട്ടിയ വാഹനങ്ങള്‍ കടല്‍ത്തീരം ലക്ഷ്യമാക്കി പ്രവഹിക്കാന്‍ തുടങ്ങിയതോടെ വാഹന നിര കിലോമീറ്ററുകള്‍ നീണ്ടു.

കേന്ദ്രീകൃത പ്രകടനം തീരുമാനിക്കാത്തതിനാല്‍ വാഹനങ്ങളില്‍നിന്നിറങ്ങിയവര്‍ കൂറ്റന്‍ പതാകയുമായി മുദ്രാവാക്യം വിളിച്ച് ഒഴുകിക്കൊണ്ടിരുന്നു. കേരളീയ വേഷം ധരിച്ച സ്ത്രീകളുടെ വന്‍ പങ്കാളിത്തം സമാപനസമ്മേളനത്തിന് കൈരളിയുടെ കുലീനത പകര്‍ന്നുനല്‍കി. നവകേരള മാര്‍ച്ചിന്റെ നായകന്‍ പിണറായി വിജയനെയും ജാഥാംഗങ്ങളെയും ശംഖുംമുഖം ജങ്ഷനില്‍നിന്ന് തുറന്ന വാഹനത്തില്‍ സമ്മേളനവേദിയിലേക്ക് ആനയിച്ചു. പഞ്ചവാദ്യങ്ങളും ബാന്‍ഡ് വാദ്യവും തുറന്ന വാഹനത്തിനു മുന്നില്‍ നീങ്ങി. ചില്‍ഡ്രന്‍സ് പാര്‍ക്ക് ചുറ്റി എത്തിയ നേതാക്കളെ കടല്‍ത്തീരത്ത് അണിനിരന്ന ചുവപ്പു വാളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ജാഥാ ക്യാപ്റ്റനും അംഗങ്ങളും വേദിയിലേക്ക് കടന്നുവന്നു. അഭൂതപൂര്‍വമായ ജനാവലി അപ്പോഴേക്കും അവരെ എതിരേല്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകരും അനുഭാവികളുമാണ് സമാപനസമ്മേളനത്തില്‍ പങ്കെടുത്തത്. ഓരോ ബൂത്ത് കമ്മിറ്റിയുടെയും  പ്ളക്കാര്‍ഡുകള്‍ക്കുകീഴില്‍ അണിനിരന്ന് എത്തിയ ജനങ്ങള്‍ ശംഖുംമുഖത്തെ ചെങ്കടലാക്കി.

Advertisements