KOYILANDY DIARY

The Perfect News Portal

കരിപ്പൂർ വിമാനത്താവളത്തിൽ ട്രോളിബാഗ് തുറന്ന് മോഷണം. പണവും സ്വർണവും നഷ്ടപ്പെട്ടു

കരിപ്പൂർ വിമാനത്താവളത്തിൽ ട്രോളിബാഗ് തുറന്ന് മോഷണം. പണവും സ്വർണവും നഷ്ടപ്പെട്ടു. കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചും വന്ന രണ്ടു യാത്രക്കാരുടെ ട്രോളിബാഗ് തുറന്നാണ് മോഷണം. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 28 ന് രാത്രിയിലാണ് മലപ്പുറം വണ്ടൂർ സ്വദേശി നസീഹയും കുഞ്ഞും ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയത്. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടുപവനും പതിനായിരം രൂപയുമാണ് മോഷണം പോയത്.

തൊട്ടടുത്ത ദിവസം പുലർച്ചെ കരിപ്പൂരിൽ നിന്നും ജിദ്ദയ്ക്ക് വിമാനം കയറിയ നാദാപുരം സ്വദേശി അബൂബക്കറിനും മകനും ഇതേ അനുഭവമാണുണ്ടായത്. രണ്ടുലക്ഷം രൂപ മൂല്യം വരുന്ന സൗദി കറൻസിയും ഖത്തറിലെ ലൈസൻസും തിരിച്ചറിയൽ കാർഡുമാണ് നഷ്ടപ്പെട്ടത്. ഇവരെ കൂടാതെ കഴിഞ്ഞ മാസം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മറ്റു രണ്ടു പേരുടെയും സാധനങ്ങൾ മോഷണം പോയതായും പറയുന്നു.
പൊലീസ് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും മോഷണം നടന്നത് എവിടെ വെച്ചാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ കരിപ്പൂർ എയർപോർട്ട് അതോറിറ്റിക്കും എയർഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിക്കും പരാതി നൽകിയിട്ടുണ്ട്.
Advertisements