KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് ക്ഷേത്രത്തിലെ തൃത്തായമ്പക മേള പ്രേമികളുടെ മനം കവർന്നു

കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ തൃത്തായമ്പക മേള പ്രേമികളുടെ മനം കവർന്നു കൊയിലാണ്ടി: അസുരവാദ്യ കലയുടെ ആസ്വാദന തലങ്ങളെ അവിസ്മരണീയമാക്കി പ്രഗൽഭ വാദ്യ പ്രവീണനോടൊപ്പം പ്രതിഭാധനരായ ഇളം തലമുറയിലെ വാദ്യകലാകാരൻ കൂടി മാറ്റുരച്ച തൃത്തായമ്പക മേള പ്രേമികളുടെ മനം കവർന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോത്സവത്തോടനുബന്ധിച്ച് സദനം സുരേഷ് മാരാരോടൊപ്പം ‘വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരിഘോഷ്,  എന്നിവരുടെ നേതൃത്വത്തിലായിരുന്നു തൃത്തായമ്പക അരങ്ങേറിയത്.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പതിവിലേറെ വിശ്വാസികളുടെ സാന്നിധ്യത്തിൽ ചെമ്പട താളത്തിൽ കാലം നിരത്തി ആരംഭിച്ച തൃത്തായമ്പക പതിയെ പതികാലവും കടന്ന് കൂറ് കൊട്ടി ദ്രുതതാളത്തിലേക്ക് പടർന്ന് കയറി. മൂന്നും നാലും കാലങ്ങൾ കൊട്ടിക്കാലാശിച്ച ശേഷം ഖണ്ഡനടയിലുള്ള ചെമ്പ കൂറ് കൊട്ടി ഏക താളത്തിലേക്ക് കടന്നതോടെ കലാസ്വദകരുടെ മനം കുളിർത്തു. പിന്നെ ഇടവട്ടം, ഇടകാലം, ഇടനിലയുംം കൊട്ടിക്കയറി കൂട്ടിപ്പെരുക്കലിന്റെ അഭൗമ നാദ താള ലയ ബ്രഹ്മത്തിലൂടെ ഇരികിടയിലെത്തി ഗണപതി കൈ കൊട്ടിയതോടെ ആസ്വാദക വൃന്ദം താളവാദ്യത്തിന്റെ അനന്ത വിസ്മയത്തിലമർന്നു.