KOYILANDY DIARY.COM

The Perfect News Portal

മരുതോങ്കര പഞ്ചായത്തിൽ രാസ ലഹരിക്കെതിരെ ക്യുആർടി ടീം

കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിൽ രാസ ലഹരിക്കെതിരെ ക്യുആർടി ടീം. ജനകീയ ജാഗ്രത സമിതികൾ യോഗം ചേർന്ന് തീരുമാനമെടുത്താണ് ക്യുആർടി ടീം പ്രവർത്തനം ആരംഭിച്ചത്. കുറ്റ്യാടി ചെറീയ പാലം മുതൽ പശുക്കടവ് വരെയുള്ള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിയുടെ വർദ്ധിച്ച് വരുന്ന ഉപയോഗം തടയാനാണ് പഞ്ചായത്ത് മുൻകൈ എടുത്ത് ജനകീയ ജാഗ്രത സമിതികൾ യോഗം ചേർന്ന് ക്യുക്ക് റെസ്പോൺസ് ടീം രൂപീകരിച്ചത്. എംഡിഎംഎ, കഞ്ചാവ് പോലുള്ള ലഹരിപദാർത്ഥങ്ങൾ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയോ ചെയ്യുന്നവരെ കണ്ടെത്തി പൊലീസിനെ വിവരം അറിയിക്കുക എന്നതാണ് ലക്ഷ്യം.

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിൽക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. രണ്ടു മാസം മുൻപ് മരുതോങ്കരയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചും, പഞ്ചായത്തിലെ താമസക്കാർ മറ്റിടങ്ങളിൽ വെച്ചും എംഡിഎംഎയുമായി പിടിയിലായതോടെയാണ് ലഹരിക്കെതിരെ ക്യുആർടി ടീം മരുതോങ്കരയിൽ പ്രവർത്തനം ആരംഭിച്ചത്.

 

മരുതോങ്കരയിലെ കടന്തറ പുഴയോരങ്ങൾ ഉൾപ്പെടെ രാസ ലഹരി എത്താൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ക്യുആർടി ടീമിന്‍റെ നിരീക്ഷണത്തിലാണ്. രാത്രി 10 മണിയോടെ ക്യുആർടി ടീം മരുതോങ്കര പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ ആരംഭിക്കും. വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരെ കണ്ടാൽ അവരെ ബോധവൽക്കരിക്കാനും ക്യുആർടി ടീം പ്രത്യേകം ശ്രദ്ധ കാണിക്കുന്നു. മരുതോങ്കര പഞ്ചായത്ത് ജന പ്രതിനിധികളുടെ നേതൃത്വത്തിലാണ് ക്യുആർടിയുടെ പരിശോധന. ലഹരിക്കെതിരെയുള്ള മരുതോങ്കരയുടെ യുദ്ധം വിജയം കാണും എന്നുള്ള പ്രതീക്ഷയിലാണ് ക്യുആർടി ടീമിന് രൂപം നൽകിയിരിക്കുന്നത്.

Advertisements