KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തിൽ യൂസർഫീ തീരുമാനത്തിൽ പ്രതിഷേധം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർഫീ  ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധം. പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്‍റെ വ്യൂ പോയിന്‍റുകള്‍, 2, 4 പിൻവളവുകൾ, വ്യൂ പോയന്‍റ് താഴ്ഭാഗം എന്നിവിടങ്ങളിൽ വാഹനം നിർത്തി ഇറങ്ങുന്ന സഞ്ചാരികളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള യൂസർഫീയായി 20 രൂപ വാങ്ങാനായിരുന്നു തീരുമാനം.

ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലും ‘അഴകോടെ ചുരം’  പദ്ധതിയുടെ മീറ്റിങ്ങിലുമാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളോട് യൂസർഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ  പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. മറ്റ് ഒരു ചുരത്തിലും ദേശീയപാതയിലും ഇത്തരത്തിൽ യൂസർ ഫീ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നില്ലെന്നും ഇത് പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.