കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം (42) മരണപ്പെട്ടത് വിനാഗിരി ഉള്ളിൽചെന്നെന്ന് സംശയം

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം (42) മരണപ്പെട്ടത് വിനാഗിരി ഉള്ളിൽചെന്നെന്ന് സംശയം. കല്ല്യാണി ബാറിന് താഴെയുള്ള സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്ന് മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചു നൽകിയെന്നാണ് ആക്ഷേപം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്ഥലത്ത് ഫോറൻസിക് വിഭാഗം ഇപ്പോൾ പരിശോധന നടത്തി വരികയാണ്. സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നഗരസഭ കൗൺസിലർ വി. എം. സിറാജ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് കരീം കല്ല്യാണി ബാറിനു സമീപത്ത് രക്തം ശർദ്ദിച്ച് അവശനിലയിലായത്. ശരീരത്തിലാകെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഏറേ നേരം കഴിഞ്ഞാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് എത്തി 108 ആംബുലൻസിൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ ഉടൻതന്നെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും കരീം രാത്രിയോടെ മരണപ്പെടുകയായിരുന്നു.

മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരിയുടെ എസ്സൻസ് ഒഴിച്ചുകൊടുത്തതായാണ് സംശയിക്കുന്നത്. നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കടയായതുകൊണ്ട് ഇവിടെ വിനാഗിരി എസ്സൻസ് സൂക്ഷിക്കുക പതിവാണെന്നാണ് അറിയുന്നത്. അത് മാത്രമല്ല. ഇവിടെ ബാറിന് സമാനമായി പെഗ്ഗ് വിലയ്ക്ക് മദ്യം വളമ്പുന്നതായും അറിയുന്നു. സംഭവം അറിഞ്ഞ ഉടനെ തന്നെ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി കട പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കട ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. അവിവാഹിതനാണ് കരീം. സഹോദരങ്ങൾ: ഫാത്തിമ, നഫീസ, സഫിയ, സെറീന, ബിൽസത്ത്, ഹമീദ്.

