KOYILANDY DIARY

The Perfect News Portal

ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്‌. വരും മാസങ്ങളിൽ  വരൾച്ചക്ക് സാധ്യത

സംസ്ഥാനത്ത്‌ ചൂട്‌ കൂടുന്നു. ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയതായി സി.ഡബ്ല്യു.ആർ.ഡി.എം (സെൻ്റർ ഫോർ വാട്ടർ റിസോഴ്‌സസ്‌ ഡെവലപ്‌മെൻ്റ് ആൻഡ്‌ മാനേജ്‌മെൻ്റ്) പഠനത്തിൽ കണ്ടെത്തി. ആലപ്പുഴ, കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌, കണ്ണൂർ, കാസർകോട്‌, കോട്ടയം  ജില്ലകളിലാണ്‌ ചൂട്‌ മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ കൂടിയത്. ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ ശരാശരി ചൂടിൽ 0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌ വർധിച്ചത്.

കാലാവസ്ഥാ വ്യതിയാനമാണ്‌ താപനില കൂടാൻ കാരണമെന്നും വരും മാസങ്ങളിലും വർഷങ്ങളിലും ചൂട്‌ കൂടാനും വരൾച്ചയുണ്ടാകാനും സാധ്യതയുണ്ടെന്നും സി.ഡബ്ല്യു.ആർ.ഡി.എം പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. യു. സുരേന്ദ്രൻ പറഞ്ഞു. മുൻവർഷങ്ങളിലെ താപനിലകളുടെ ശരാശരി പരിശോധിച്ചതിലാണ്‌ വർധന കണ്ടെത്തിയത്‌.