KOYILANDY DIARY

The Perfect News Portal

കഴിഞ്ഞ ദിവസം അന്തരിച്ച മൂത്തമ്മയെക്കുറിച്ച് സെല്ലി കീഴൂരിൻ്റെ ഓർമ്മക്കുറിപ്പുകൾ

മൂത്തമ്മയെക്കുറിച്ചുള്ള കുഞ്ഞുന്നാളിലെ ഓർമ്മകൾ പങ്കുവെച്ച് സെല്ലി കീഴൂർ ഒരുക്കിയ സ്റ്റോറി വായനക്കാർക്കായി സർപ്പിക്കുന്നു.. പഴയ കാലത്തെ ബന്ധങ്ങളും യാത്രകളും നമ്മെ വല്ലാതെ മോഹിപ്പിക്കുകയും പോയകാലത്തേക്ക് തിരിച്ചെത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വഴികളിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ വരികൾക്കിടയിൽ സെല്ലി കീഴൂർ ഓർമ്മപ്പെടുത്തുന്നത്…
“ചരയ്ച്ച് കേറ് മോനെ “
കീഴൂരിൽ നിന്ന് ലാമ്പി ഓട്ടോറിക്ഷയിൽ പാഞ്ഞു കയറുമ്പോൾ
മൂത്തമ്മ പറഞ്ഞു.
‘ആ  മൂത്തുമ്മ’
ഞങ്ങൾ പയ്യോളി വന്നിറങ്ങി മരത്തിന്റെ ചുവട്ടിലുള്ള ബസ്റ്റോപ്പിനടുത്തേക്ക് നടന്നു
അന്ന് ബസ്റ്റാൻഡ് ഒന്നും വന്നിട്ടില്ല
ഇനി ഞമ്മക്ക് തേക്കോട്ടുള്ള ബസ്സ് കിട്ടണമെങ്കിൽ ഇബ്.ട നിക്കണം
“എനക്കറിയ  കോഴിക്കോട്ടേക്കുള്ള ബസ്സല്ലേ “
അല്ല മോനെ കൊയിലാണ്ടി ബസ്സിലാ അമ്മക്ക് കേറേണ്ടത് കോഴിക്കോട് ബസ്സ് എല്ല. ഒന്നും ആട  നിർത്തേല  കുട്ടിയായ എന്റെ അറിവിനെ ബഹുമാനിച്ചു കൊണ്ട് തന്നെ മൂത്തമ്മാന്റെ മറുപടി
അത് പോട്ടെ അമ്മള് ബരുമ്മം  ഒരു ബസ് അങ്ങ് പോയിക്ക് ഇനി കുറച്ചു കയ്യും ബരാൻ  ഇനിക്ക് ഇബ്ടുന്ന് ചായമാണോ
പകുതിചുണ്ണാമ്പും പകുതി  നീല പെയിന്റുമടിച്ച ആ നാടൻ ചായപ്പീടികയുടെ ചില്ലിൻകൂട്ടിലെ നെയ്യപ്പവും ആര് പാഞ്ഞ കലത്തപ്പവും എന്നെ നോക്കി ചിരിച്ചു
പൊതുവെ ചെറിയ കണ്ണുള്ള ഞാൻ ഒന്നുകൂടെ കണ്ണ് ഇറുക്കി വെച്ച്
ഒരു അവിഞ്ഞ (ചമ്മൽ) ചിരിയോടെ  പറഞ്ഞു
“ആ മാണം “
എന്നE ബേഗം ബാ
ഞാനും മൂത്തുമ്മയും ഹോട്ടലിലേക്ക്…
രാവിലെ നാസ്ത സമയം കഴിഞ്ഞു ചോറിന്റെ ഒരുക്കത്തിലായ ഹോട്ടലിൽ സാമ്പാറിന്റെയും പലഹാരങ്ങളുടെയും ചോറ് ഊറ്റിയതിന്റെയും ഗന്ധം ആസ്വദിച്ചു കൊണ്ട് കൈ കഴുകി  ഞാനും മൂത്തുമ്മയും ബെഞ്ചിലിരുന്നു.
അന്നൊക്കെ സ്കൂളിലെ പോലെ ബെഞ്ചും ഡെസ്കുമായിരുന്നു ഹോട്ടലിൽ…
 ഇബ്ടെ ഒരു അരചായ കൊടുക്ക്
ചായക്കാരനോടായി  മൂത്തുമ്മ പറഞ്ഞു
ഇങ്ങക്ക് മാണ്ടേ
മൂത്തുമ്മക്ക് മാണ്ട മോൻ കുടിക്ക്
 ഇനിക്കെന്തുന്ന തിന്നാൻ മാണ്ടിയത്  സെല്യേ അരകഷണം പിട്ട് പറയട്ടെ
മാണ്ട കലത്തപ്പം മതി പൊതുവെ മധുര പ്രിയനായ  ഞാൻ പറഞ്ഞു.
നുരപതയുന്ന പാൽ ചായയും കലത്തപ്പവും എന്റെ മുന്നിൽ…
 വേഗം തിന്നണേ മോനെ
 ബസ്സ് ഇപ്പം വരും
 മൂത്തമ്മ പറഞ്ഞപ്പോൾ തിടുക്കപ്പെട്ട് ഞാൻ കഴിച്ചു തുടങ്ങി
അള്ളോ മെല്ലെ തിന്നു മോനെ തൊണ്ടേൽ കുടുങ്ങും
എല്ലാം ഇങ്ങള് തന്നെയാ പറയുന്നത്
“ഈ കുഞ്ഞന്റെ കാര്യം”
മൂത്തുമ്മ വാത്സല്യപുഞ്ചിരിയോടെ എന്റെ തല  തടവി ..
ചായകുടിച്ച് കൈയും വായും കഴുകി വീണ്ടും ബസ്റ്റോപ്പിനടുത്തേക്ക്
കുറച്ച് കഴിഞ്ഞപ്പോൾ  കൊയിലാണ്ടിക്കുള്ള ജയ ബസ് വന്ന് സ്റ്റോപ്പിൽ നിർത്തി
“കൊയിലാണ്ടി കൊയിലാണ്ടി ബേഗം കേറ്
ബേഗം കേറ്” കിളിയുടെ തൂമൊഴി..
മെടഞ്ഞ പ്ലാസ്റ്റിക് കൊട്ടയിൽ കരുതിയ സാധന സാമഗ്രികളും പുതക്കുന്ന തട്ടവും
എന്നെയും കൂട്ടി പിടിച്ചു ഞാനും മൂത്തുമ്മയും ജയബസ്സിലേക്ക്…
സീറ്റ്കിട്ടിയപ്പോൾ മൂത്തുമ്മക്ക് അതിയായ സന്തോഷം
കുട്ടിക്കാലത്ത് ബസ്സിൽ കയറിയാൽ
ശർദ്ദിൽ ഉള്ളതുകൊണ്ട് കൂടെ  ഒരു കവറും കരുതിയിട്ടുണ്ട്  എന്റെ മൂത്തുമ്മ
ബസ്സ് പയ്യോളി വിട്ടു പെരുമാൾപുരം എത്തി അപ്പോൾ കണ്ടക്ടർവന്നു
ടിക്കറ്റ് ടിക്കറ്റ് എന്നു ചോദിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തും എത്തി
ഒരാനക്കുളം
കണ്ടക്ടർ ടിക്കറ്റ് മുറിച്ചു പൈസ വാങ്ങി ബാക്കി കൊടുത്തു
വളരെ ചെറിയ കുട്ടിയായ എനിക്കന്ന് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല
ബസ്സ് ഓടിക്കൊണ്ടിരുന്നു  ഞങ്ങൾക്ക് മുചുകുന്നിലേക്കാണ് പോവേണ്ടത് അത് കൊണ്ട്  ഇനിയും ഒരു ബസ്സ് മാറി കയറണം  യാത്ര തുടരുന്നു  ബസ്സ്
ആനക്കുളം എത്തി ഞങ്ങൾ ഇറങ്ങി മുചുകുന്ന് ഭാഗത്തേക്കുള്ള  ബസ്സ്റ്റോപ്പിലേക്ക്….
                                                                                                                                                                                           തുടരും..