KOYILANDY DIARY

The Perfect News Portal

അഴിമതി ആരോപിച്ച് മുസ്ലിംലീഗ് നഗരസഭയിലേക്ക് മാർച്ച് നടത്തി

അഴിമതി ആരോപിച്ച് കൊയിലാണ്ടി നഗരസഭയിലേക്ക് മുസ്ലിംലീഗ് മാർച്ച് നടത്തി. നഗരസഭയിലെ 2018-19, 19-20, 20-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്ന ക്രമക്കേടുകൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊയിലാണ്ടി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
കൊയിലാണ്ടി നഗരസഭയിൽ അടിമുടി അഴിമതിയാണെന്നും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്ന് ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. പുളിയഞ്ചേരി കുളത്തിൽ നിന്നും മണൽ വിറ്റതിലും, ആയുർവേദ ഡിസ്പെൻസറിയിലേക്ക് കസേര വാങ്ങിയതിലും, കുടുംബശ്രീ യൂണിറ്റിന് തുണി സഞ്ചി നിർമ്മിക്കാൻ തയ്യൽ മെഷീൻ വാങ്ങിയതിലും, കണ്ടിജൻ്റ് ജീവനക്കാർക്ക് യൂണിഫോം വാങ്ങിയതിലുമെല്ലാം വൻ ക്രമക്കേടാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
ഓഡിറ്റ് റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വെക്കാതെ അഴിമതിക്ക് കൂട്ടുനിൽക്കുന്ന നഗരസഭ ചെയർപേഴ്സൺ രാജിവെക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
മാർച്ച് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. നജീബ് അദ്ധ്യക്ഷനായി. കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി അൻവ്വർ ഈയ്യഞ്ചേരി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി,  എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ആസിഫ് കലാം എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി എ. അസീസ് സ്വാഗതവും, വൈസ് പ്രസിഡണ്ട് എം. അഷറഫ് നന്ദിയും പറഞ്ഞു. മാർച്ചിന് വി.എം. ബഷീർ, ടി.വി. ഇസ്മയിൽ, ടി.കെ. ഇബ്രാഹിം, വി.വി. ഫക്രുദ്ധീൻ, വി.വി.നൗഫൽ, ബാസിത്ത് മിന്നത്ത്, ഹാദിഖ്ജസാർ, സമദ് നടേരി, ആദിൽ, സാബിത്ത് നടേരി, ഷൗക്കത്ത് കൊയിലാണ്ടി, സലാം ഓടക്കൽ എന്നിവർ നേതൃത്വം നൽകി.