KOYILANDY DIARY

The Perfect News Portal

ജില്ലയിലെ ആദ്യ സ്ത്രീ സൗഹൃദ പാതയോര വിശ്രമ കേന്ദ്രം വടകരയില്‍

കോഴിക്കോട്: ദീര്‍ഘദൂര യാത്രക്കിടയില്‍ പ്രാഥമികാവശ്യങ്ങള്‍ നടത്താനോ കുഞ്ഞുങ്ങളെ മുലയൂട്ടാനോ ഉചിതമായ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ച ഇനി പഴങ്കഥ. വിശ്രമം മാത്രമല്ല, ചായ കുടിച്ച്‌ ആശ്വാസത്തോടെ യാത്ര തുടരാന്‍വരെ സൗകര്യങ്ങളുള്ള ‘ടെയ്ക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങള്‍ നാടെങ്ങും വരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ജില്ലയിലെ ആദ്യ സ്ത്രീ സൗഹൃദ പാതയോര വിശ്രമകേന്ദ്രം വടകരയില്‍ സജ്ജമായി. ഞായറാഴ്ച രാവിലെ ഒമ്ബതിന് മന്ത്രി ടി പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്ത് 1084 കേന്ദ്രങ്ങളാണ് പാതയോരങ്ങളില്‍ ഒരുങ്ങുന്നത്.

യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും വിശ്രമത്തിനുമായി 2020–-21 സാമ്ബത്തിക വര്‍ഷത്തെ 12 ഇന പദ്ധതികളുടെ ഭാഗമായാണ് ‘ടെയ്ക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങള്‍ ആവിഷ്കരിച്ചത്. ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ചുമതല കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും. ജില്ലയില്‍ 85 ഇടങ്ങളിലുണ്ടിത്. ഇതിനുപുറമെ കാവിലുംപാറ പഞ്ചായത്തിലും കൊയിലാണ്ടിയിലും നേരത്തെ കംഫര്‍ട്ട് സ്റ്റേഷനുകളായി നിര്‍മിച്ചവ പദ്ധതിക്ക് കീഴിലേക്ക് മാറ്റി.

ദേശീയപാത, സംസ്ഥാന പാത, തിരക്കുള്ള പൊതുഇടങ്ങള്‍ എന്നിവയുടെ സമീപമായാണ് കേന്ദ്രം നിര്‍മിക്കുക. രാമനാട്ടുകര, നന്മണ്ട, കുരുവട്ടൂര്‍, പെരുമണ്ണ, പെരുവയല്‍ തുടങ്ങി 16 എണ്ണങ്ങളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഇതുള്‍പ്പെടെ 66 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഈ വര്‍ഷം 45 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പാതയോര വിശ്രമകേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍, ക്ലോക്ക് റൂം, മുലയൂട്ടല്‍ മുറി, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *