KOYILANDY DIARY.COM

The Perfect News Portal

ഭക്ഷ്യഭദ്രതാ നിയമം: ജില്ലയിലെ തീരദേശ മേഖലകളിൽ ഭക്ഷ്യസുരക്ഷാ പദ്ധതികൾ വിലയിരുത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

.
കോഴിക്കോട്: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം കോഴിക്കോട് ജില്ലയിലെ വിവിധ തീരദേശ മേഖലകൾ സന്ദർശിച്ചു. ഭക്ഷ്യ കമ്മീഷൻ അംഗം എം. മുരുകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വടകര താലൂക്കിലെ ചോറോട്, അഴിയൂർ, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളിലെ തീരദേശ മേഖലകൾ സന്ദർശിച്ച് ഭക്ഷ്യസുരക്ഷാ പദ്ധതികളുടെയും പൊതുവിതരണ സംവിധാനത്തിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
റേഷൻ ഗുണഭോക്താക്കളുടെ വീടുകൾ, റേഷൻ കടകൾ, അംഗൻവാടികൾ, സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. ചോറോട് പഞ്ചായത്തിലെ ആറ് റേഷൻ ഗുണഭോക്താക്കളുടെ വീടുകളും ഒരു റേഷൻ കടയും സന്ദർശിച്ചു. അഴിയൂർ പഞ്ചായത്തിലെ രണ്ട് ഗുണഭോക്താക്കളുടെ വീടുകൾ, ചോമ്പാല സൗത്ത് ബീച്ചിലെ അംഗൻവാടി, ഒഞ്ചിയം പഞ്ചായത്തിലെ അംഗൻവാടി, മാടാക്കര കണ്ണൂക്കര ഗവ. ഫിഷറീസ് എ.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, വിതരണത്തിന്റെ ഗുണനിലവാരം, അളവ് എന്നിവ പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ നടത്തിപ്പും വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വിലയിരുത്തിയ കമ്മീഷൻ, ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി.
ജില്ലാ സപ്ലൈ ഓഫീസർ (ഇൻചാർജ്) പി.കെ. സുമേഷ്, വടകര തഹസിൽദാർ കെ. ലതീഷ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ എൻ. ജയൻ, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയർ സൂപ്രണ്ട് എൻ.കെ. ശ്രീജ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ.പി. രജിഷ, സി.ഡി.പി.ഒ. കെ.വി. രജിഷ, ചോമ്പാല എ.ഇ.ഒ. സപ്ന ജൂലിയറ്റ്, നൂൺമീൽ ഓഫീസർ കെ.എം. സിന്ധു, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ ഷൈനി ബാലകൃഷ്ണൻ, പി.എം. സുനിത കുമാരി, വനിതാ ശിശുവികസന വകുപ്പ് എൻ.എം.ബി.സി. കെ. കെ. ബബിഷ, വടകര താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.പി. റിജിൻ, ശ്രീനിവാസൻ പുളിയുള്ളതിൽ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
Share news