KOYILANDY DIARY.COM

The Perfect News Portal

അമ്മയിലെ തമ്മിലടി; രാജിവെക്കാനൊരുങ്ങി അഡ്‌ഹോക്ക് കമ്മിറ്റി

.

കൊച്ചി: താരസംഘടനയിലെ തമ്മിലടി രൂക്ഷമായതിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഡ്‌ഹോക്ക് കമ്മിറ്റി നിയമയുദ്ധത്തിനില്ലെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കിയത്. മുന്‍ കമ്മിറ്റിയുടെ കയ്യില്‍ നിന്നും വാങ്ങിയ അധികാരങ്ങള്‍ തിരികെ നല്‍കിയതായും അറിയിച്ചു. താക്കോലുകള്‍, വൈഫൈ പാസ് വേര്‍ഡ്, ഇമെയില്‍ പാസ്സ്വേര്‍ഡ്, രേഖകള്‍ എന്നിവ തിരികെ നല്‍കിയെന്നാണ് അറിയിച്ചിരിക്കുന്നത്.

അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തി തിരികെ കൈമാറുകയായിരുന്നു. കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്നാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം. മുതിര്‍ന്ന അംഗങ്ങള്‍ പ്രതികരണം നടത്താത്തതിലും അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം. രമേശ് പിഷാരടി ശ്വേതാ മേനോനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ ശ്വേത മേനോനെതിരെ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

 

രാജി പ്രഖ്യാപിച്ച കമ്മിറ്റി തന്നെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകട്ടെ എന്നാണ് തത്കാലിക കമ്മിറ്റി അറിയിച്ചിരിക്കുന്നത്. അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷമായിരുന്നു ശ്വേതാ മേനോന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുന്നത്. പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റി അധികാരമേറ്റെടുക്കുന്നത്. എന്നാല്‍ മുന്‍ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് പ്രതിസന്ധിയായി. അതിനിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി ചട്ട വിരുദ്ധമാണെന്ന് കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുന്നത്.

 

ജനറല്‍ ബോഡിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിരപരാധിത്വം തെളിയിച്ചിട്ടെ പടിയിറങ്ങൂ എന്നായിരുന്നു നിലപാട്. ചട്ടം പരിഗണിച്ച കോടതി ശ്വേതാ മേനോന്‍ ജനറല്‍ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് പിഷാരടി രാജിവെച്ചിരുന്നു. ഇതിനിടെയാണ് രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം പുറത്തു വരുവന്നത്. ഇത് സമൂഹ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

Share news
error: Content is protected !!