കൊയിലാണ്ടി: സ്വന്തം ജീവൻ പണയപ്പെടുത്തി കൊല്ലം ചിറയില്‍ മുങ്ങിതാണ യുവതിയെ രക്ഷപ്പെടുത്തിയ പാലക്കുളം സ്വദേശി ചാത്തുക്കുട്ടിയെ നാട് ആദരിച്ചു. 
പാലക്കുളം വടക്കൻസ് സംഘടനയും പാലക്കുളം ബ്രദേഴ്സും ചേർന്നാണ് സ്വീകരണവും ആദരവും സംഘടിപ്പിച്ചത്. തിങ്കളാഴ്ച കൊല്ലം ചിറയിൽ ഇറങ്ങിയ 4 പെൺകുട്ടികളിൽ ഒരാൾ കാൽതെറ്റി ആഴത്തിലേക്ക് താഴ്ന്നപ്പോൾ, അതുവഴി സൈക്കിളിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാത്തുക്കുട്ടി അപകടസാധ്യത കണക്കിലെടുക്കാതെ ചിറയിലേക്ക് എടുത്തുചാടി യുവതിയെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു.
.
.
ധീരമായ രക്ഷാപ്രവർത്തനം സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും വ്യാപക ശ്രദ്ധ നേടിയിരുന്നു. പാലക്കുളം ടൗണിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് അംഗം കാട്ടിൽ സത്യന്‍ ചാത്തുക്കുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ശ്രീദേഷ് കെ.കെ. അധ്യക്ഷത വഹിച്ചു. ധീരതയും മനുഷ്യത്വവും നിറഞ്ഞ ചാത്തുക്കുട്ടിയുടെ രക്ഷാ പ്രവർത്തനത്തിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ് ഇപ്പോഴും.
.
.
ശശി കെ.കെ. (സെക്രട്ടറിസുഭാഷ് വായനശാല), രൺധീർ ലാൽ, രാജേഷ് കെ.കെ., സുഹൈൽ വി വി, സലിം എ.എം. എന്നിവർ ആശംസകൾ നേർന്നു. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്” എന്ന് മറുപടി പ്രസംഗത്തിൽ ചാത്തുക്കുട്ടി പറഞ്ഞു. ചടങ്ങിന് റിജിൻരാജ് സി.പി. സ്വാഗതവും അഷറഫ് എം. നന്ദിയും പറഞ്ഞു.