നടൻ മമ്മൂട്ടിയ്ക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു
.
നടൻ മമ്മൂട്ടിയ്ക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് ഓണററി ഡോക്ടറേറ്റ് കൈമാറിയത്. മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് കൈമാറി.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡിലിറ്റ്) ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദവുമാണ് നൽകിയത്. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോൺ പങ്കെടുത്തു. റജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.

പുരസ്കാരം സിനിമ മേഖലയ്ക്ക് സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. മൂന്നാമത്തെ ഡോക്ടറേറ്റ് പുരസ്കാരമാണ് ലഭിക്കുന്നത്. നടനാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹമാണ് ഇവിടെ എത്തി നിൽക്കുന്നത്. 45 വർഷമായി സിനിമയിൽ തുടരുകയാണ്. പിതാവ് തന്നെ ഒരു ഡോക്ടർ ആയി കാണാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ചികിത്സിക്കാത്ത ഡോക്ടർ ആകാൻ മൂന്ന് തവണ സാധിച്ചു എന്നും താരം ചടങ്ങിൽ പറഞ്ഞു.




