ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു
.
പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് 8 മാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി പൂവത്തുംചാൽ സോന (28) യാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് റിജിൻ ലാലിനെ (30) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ തോട്ടുമുറി മരക്കാട്ടുപുറത്ത് താഴെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
.

.
ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഈ സമയത്ത് കാറിന്റെ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു സോന. വീടിന് തൊട്ടടുത്തെത്താറായപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ കാറിന് തീപിടിച്ചത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തെ നെൽവയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് നാട്ടുകാർ തീയണച്ചത്. ദേഹമാകെ പൊള്ളലേറ്റ റിജിൻ ലാൽ കാറിന് പുറത്തേക്ക് തെറിച്ച് സമീപത്തെ തോട്ടിലേക്ക് ചാടുകയായിരുന്നു.
.

.
തുടർന്ന് റിജിൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കാറിന്റെ പിൻസീറ്റ് പരിശോധിച്ചപ്പോഴാണ് സോനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൈകൾക്കും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ റിജിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.

.
മേപ്പയ്യൂർ പൊലീസും പേരാമ്പ്രയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തുടനടപടികൾ സ്വീകരിച്ചത്. കാറിന് തീപിടിച്ചതോടെ ഡോറുകൾ ഓട്ടോമാറ്റിക്കായി ലോക്കായതാകാം സോനയ്ക്ക് പുറത്തിറങ്ങാൻ കഴിയാതെ പോയതെന്നാണ് പ്രാഥമിക നിഗമനം. സോനയുടെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച സംസ്കാരം നടത്തും. പേരാമ്പ്ര പാലേരി കുഴുമ്പിലിലെ കല്ലിൽക്കണ്ടി മീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് മരിച്ച സോന. സഹോദരങ്ങൾ: രൽന, സോനു.



