ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കാനുള്ള ഡ്രഡ്ജിങ് അവസാന ഘട്ടത്തിലേക്ക്
.
ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കാനുള്ള ഡ്രഡ്ജിങ് അവസാന ഘട്ടത്തിലേക്ക്. 5.94 കോടി ചെലവിട്ടുള്ള ഡ്രഡ്ജിങ് കഴിഞ്ഞ ഏപ്രിൽ 25–നാണ് ആരംഭിച്ചത്. ഹാർബറിലും പരിസരത്തും മണ്ണടിഞ്ഞ് മത്സ്യബന്ധന യാനങ്ങൾ വന്നുപോകാനും ഹാർബറിലടുപ്പിക്കാനും കഴിയാതായതോടെയാണ് ആഴം കൂട്ടാൻ തീരുമാനിച്ചത്.

വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ ഹാർബറിൽ നങ്കൂരമിടാനും മീൻപിടിത്തത്തിന് പോകുന്നതിനും പ്രയാസമുണ്ട്. കാലവർഷം കനക്കുന്നതിനുമുമ്പേ ജൂൺ മധ്യത്തോടെ പ്രവൃത്തി പൂർത്തിയാക്കാനായേക്കും. ഇതിന് ശാശ്വതപരിഹാരമായാണ് ഹാർബറിലും പരിസരത്തുമായി മണ്ണുനീക്കൽ. ഹാർബർ എൻജിനിയറിങ് വിഭാഗത്തിനാണ് നിർവഹണച്ചുമതല.

ഗോവ ഡ്രഡ്ജിങ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. നീക്കം ചെയ്യുന്ന മണ്ണും ചെളിയും മറ്റു വസ്തുക്കളും വലിയ ബാർജിൽ ശേഖരിച്ച് ഒന്നിച്ച് പുറംകടലിൽ തള്ളുകയാണ്. വെള്ളത്തിൽ സ്ഥാപിച്ച പൊന്റൂണുക (ഉരുക്കുചങ്ങാടം)ളിൽ മണ്ണുമാന്തി യന്ത്രം ഘടിപ്പിച്ചാണ് ഡ്രഡ്ജിങ്. ഹാർബറിലെ ലോ- ലെവൽ ജെട്ടിമുതൽ സിൽക്ക് കപ്പൽ പൊളിശാലവരെ 120 മീറ്റർ വീതിയിലും 410 മീറ്റർ നീളത്തിലുമാണ് ഡ്രഡ്ജിങ്.




