KOYILANDY DIARY.COM

The Perfect News Portal

ഫോൺ ക്ലീനറും പസിൽ ​ഗെയിമും പണി തരും; ഈ ആപ്പുകൾ ഫോണിന് ഭീഷണി

.

ഗൂ​ഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് മുന്നറിയിപ്പ്. ഫോണിലെ വിവരങ്ങൾ ചോ‍ർത്തുന്ന ആപ്പുകൾ നിരവധിയായതിനാൽ ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പഠനം പറയുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ ഭീഷണിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.

 

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഫോൺ ക്ലീനർ, പസിൽ ഗെയിമുകൾ, ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്തവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക! ഇത്തരം ആപ്പുകളിലൂടെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ‘ഓപ്പറേഷൻ നോവോയിസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അപകടകരമായ മാൽവെയർ ക്യാമ്പയിൻ വഴി 50ലധികം ആപ്പുകളിലൂടെ 2.3 ലക്ഷത്തിലധികം ആൻഡ്രോയിഡ് ഫോണുകളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്.

Advertisements

 

നിലവിൽ ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഇതൊരു സാധാരണ മാൽവെയ‍ർ അല്ലെന്നും അതീവ സുരക്ഷാ ഭീഷണി ഉയ‍ർത്തുന്ന രീതിയിൽ റൂട്ട് ലെവലിലേക്ക് ഇറങ്ങി ചെല്ലുന്നതായും പഠനത്തിൽ പറയുന്നു. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് സാധാരണയായി പ്രവ‍ർത്തിക്കുന്നതായി തോന്നാം എന്നാൽ അവ നമ്മുടെ ഫോണിലെ വിവരങ്ങൾ സാധാരണ​ഗതിയിൽ പ്രവർത്തിച്ചുക്കൊണ്ട് തന്നെ ചോ‍ർത്തിയെടുക്കുകയാണ്. ഫോൺ ഫാക്ടറി റീസെറ്റ് ചെയ്തായും ഇവ നീക്കം ചെയ്യാൻ സാധിക്കില്ല.

 

ഫോണിലേക്ക് ലഭ്യമാകുന്ന സുരക്ഷാ അപ്‌ഡേറ്റുകളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും കൃത്യമായി ഇൻസ്റ്റാൾ ചെയ്യുക. പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. അപരിചിതമായ അല്ലെങ്കിൽ വിശ്വാസമില്ലാത്ത ഡെവലപ്പർമാരുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ റിവ്യൂകളും റേറ്റിംഗുകളും പരിശോധിക്കുന്നത് നന്നായിരിക്കും.

 

ഫോൺ അമിതമായി ചൂടാകുക, ബാറ്ററി വേഗത്തിൽ തീരുക, ഫോൺ അകാരണമായി റീസ്റ്റാർട്ട് ആകുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഫോൺ സുരക്ഷിതമല്ലെന്ന് സംശയിക്കേണ്ടതുണ്ട്. മാൽവെയർ ബാധിച്ചെന്ന് ഉറപ്പുണ്ടെങ്കിൽ, ഫോൺ ഫ്ലാഷ് ചെയ്യുക എന്നതാണ് ഇത് പൂർണ്ണമായും നീക്കം ചെയ്യാനുള്ള ഏക മാർഗ്ഗം. ഇതിനായി വിദഗ്ധ സഹായം തേടുന്നത് ഉചിതമാണ്. നിങ്ങളുടെ ഫോണിലെ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമാണെന്നും പ്ലേ പ്രൊട്ടക്റ്റ് ഓൺ ആണെന്നും ഉറപ്പുവരുത്തുക. എപ്പോഴും അംഗീകൃത ആപ്പുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

 

Share news
error: Content is protected !!