KOYILANDY DIARY.COM

The Perfect News Portal

വി.ഡി സതീശൻ നുണ പറയുന്നതിൽ അസാധാരണ ശേഷിയുള്ളയാൾ; പി രാജീവ്

.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത വിമർശനവുമായി കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ പി. രാജീവ്. നുണകൾ പറയുന്നതിൽ അസാധാരണ ശേഷിയുള്ള വ്യക്തിയാണ് വി.ഡി സതീശനെന്നും വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം തുടങ്ങിയ പദ്ധതികളെ സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാജീവ് പറഞ്ഞു. നിയമസഭയിൽ ഈ കാര്യങ്ങൾ വസ്തുതകൾ നിരത്തി വ്യക്തമാക്കിയപ്പോൾ മറുപടിയില്ലാതെ നിശബ്ദനായി ഇരുന്ന സതീശൻ, പുറത്തുവന്ന് അതേ നുണകൾ വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വികസന നയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ശബരിമല പോലുള്ള വിവാദങ്ങൾ കുത്തിപ്പൊക്കി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

 

മണ്ഡലത്തിൽ നടപ്പിലാക്കിയ ‘ഒപ്പം’ പദ്ധതിയിലൂടെ ജനങ്ങളുമായി വലിയൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പി. രാജീവ് പറഞ്ഞു. സ്നേഹവീട്, കൃഷിക്കൊപ്പം, യുവതക്കൊപ്പം, ആശമാർക്കൊപ്പം തുടങ്ങിയ പദ്ധതികൾ ഓരോ കുടുംബത്തെയും സ്പർശിച്ചിട്ടുണ്ടെന്നും പ്രചാരണ വേളയിൽ ലഭിക്കുന്ന സ്വീകാര്യത ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിലും രാജീവ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവിടാൻ പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡണ്ടോ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ പേരിൽ പോലും പണം തട്ടുന്ന നിലയിലേക്ക് കോൺഗ്രസ് മാറിയെന്നും നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖകളിൽ ഈ തുക കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി വർഗീയ കലാപങ്ങളില്ലാത്ത കേരളത്തെ വികസനത്തിലേക്ക് നയിച്ച എൽ.ഡി.എഫ് സർക്കാരിന് ജനങ്ങൾ വലിയ പിന്തുണ നൽകുമെന്നും പി. രാജീവ് പ്രത്യാശ പ്രകടിപ്പിച്ചു.

Share news