KOYILANDY DIARY.COM

The Perfect News Portal

വേനൽചൂടിൽ കേരളത്തിന് നന്മയുള്ള ഉപദേശവുമായി മിൽമ

.

തിരുവനന്തപുരം: കഠിനമായ വേനൽചൂടിൽ പാലും പാൽ ഉൽപ്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ നിർദേശവുമായി എത്തിയിരിക്കുകയാണ് മിൽമ. പാലും തൈരും എപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഉപഭോക്താക്കളെ ഓർമിപ്പിച്ചിട്ടുണ്ട്.

 

വേനൽക്കാലത്ത് ചൂട് കൂടുന്നതിനനുസരിച്ച് പാൽ പെട്ടെന്ന് പുളിച്ചുപോകാനും ഗുണനിലവാരം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ പാൽ വാങ്ങിയ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണമെന്നും വിതരണ ശൃംഖലയിലുടനീളം തണുപ്പ് നിലനിർത്താൻ ഏജന്റുമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മിൽമ അധികൃതർ അറിയിച്ചു.

Advertisements

 

പാൽ പാക്കറ്റുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത വിധം സൂക്ഷിക്കണം. തൈര്, വെണ്ണ, പനീർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കാര്യത്തിലും സമാനമായ ജാഗ്രത പുലർത്തണം. സാധാരണക്കാരന്റെ അടുക്കളയിലെ അവിഭാജ്യ ഘടകമായ മിൽമ ഉൽപ്പന്നങ്ങളുടെ ശുദ്ധിയും ഗുണമേന്മയും ഉറപ്പാക്കാൻ ഉപഭോക്താക്കളുടെ സഹകരണം അത്യാവശ്യമാണെന്ന് മിൽമ വ്യക്തമാക്കി.

 

ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഉല്പന്നമാണ് മിൽമയുടെ യുഎച്ച്ടി (UHT) പാൽ. അത്യാധുനിക സാങ്കേതികവിദ്യയിൽ തയ്യാറാക്കുന്ന ഇതിന്റെ പാക്കറ്റ് പൊട്ടിക്കുന്നത് വരെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ തന്നെ സൂക്ഷിക്കാമെന്നതാണ് പ്രത്യേകത. ഗുണമേന്മയുള്ള പാൽ ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വീണ്ടും തെളിയിക്കുകയാണ് മിൽമ.

 

 

Share news