‘സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’; നിമിഷ പ്രിയയുടെ വിവരങ്ങൾ തേടി അറ്റോർണി ജനറൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് എ ജി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തര ഇടപെടൽ തേടി കെ രാധാകൃഷ്ണൻ എംപി ഇന്ന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്രതലത്തിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. വിഷയത്തിൽ കെ രാധാകൃഷ്ണൻ അടക്കമുള്ള അഞ്ച് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും കത്ത് അയച്ചിരുന്നു.

