KOYILANDY DIARY

The Perfect News Portal

വഴിമുടക്കിയ അണ്ടർപാസ് നിർമ്മാണം: DYFI പ്രതിഷേധം. MLA എത്തി പ്രശ്ന പരിഹാരം ഉണ്ടാക്കി

വഴിമുടക്കിയ അണ്ടർപാസ് നിർമ്മാണം: സ്ഥലത്ത് DYFI പ്രതിഷേധം – MLA എത്തി പ്രശ്ന പരിഹാരം കണ്ടെത്തി. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മണമൽ ഭാഗത്ത് നിർമ്മിക്കുന്ന അണ്ടർപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള റോഡ് ആഴത്തിൽ കുഴിയെടുക്കുന്നതിൻ്റെ ഭാഗമായി പകരം ഉണ്ടാക്കിയ റോഡ് തകർന്ന് ചളിയും വെള്ളവും കയറി രണ്ട് ദിവസമായി വാഹന യാത്രയും കാൽനട യാത്രയും ദുഷ്ക്കരമായിരുന്നു. ഇതിനെതിരെയാണ് കരാറുകാർക്കെതിരെ ഡിവൈഎഫ്ഐ പ്രതേഷേധവുമായി രംഗത്തിറങ്ങിയത്.

സംഭവം അറിഞ്ഞ ഉടൻതന്നെ എം.എൽ.എ. കാനത്തിൽ ജമീല അവിടെ എത്തിച്ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെയും നാട്ടുകാരെയും നേരിൽക്കണ്ട് പ്രശ്നങ്ങൾ മനസിലാക്കുകയും ദേശീയപാത വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ സ്റ്റെഫിനെ ഫോണിൽ വിളിച്ച് അടിയന്തരമായി സർവ്വീസ് റോഡ് ഉൾപ്പെടെ നിർമ്മിച്ച് നാട്ടുകാരുടെ പരാതിക്ക് പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയുണ്ടായി.

പുതുതായി ഉണ്ടാക്കിയ സമാന്തര റോഡ് ടാർ ചെയ്യത് പ്രദേശത്ത് പൊടിശല്യം ഉണ്ടാക്കാതെ പ്രവൃത്തി നടത്തണമെന്നും എം.എൽഎ. എഞ്ചിനീയറോട് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കൊയിലാണ്ടി സെൻ്ട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി റിബിൻ കൃഷ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് അർജ്ജുൻ അദ്ധ്യക്ഷതവഹിച്ചു. സിപിഐഎം നേതാക്കളായ പി. ചന്ദ്രശേഖരൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, മേഖലാ സെക്രട്ടറി വി.എം. അജീഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

വാഹനങ്ങൾ ചളിയിൽ താഴ്ന്നത് കാരണം വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. കൂടാതെ സർവ്വീസ് റോഡ് നിർമ്മിക്കാതെ നിവലിലുള്ള റോഡ് കുഴിയെടുത്തതോടെ നെല്ലിക്കോട്ട്കുന്ന് നിവാസികൾ ഉൾപ്പെടെ പ്രദേശവാസികൾക്ക് കടുത്ത ദുരിതമാണ് ഉണ്ടാക്കിയത്. സ്ത്രീകളുൾപ്പെടെ പ്രദേശവാസികൾ എം.എൽ.എ.യെ നേരിൽ കണ്ട് സർവ്വീസ് റോഡ് യാഥാർത്യമാക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.