KOYILANDY DIARY

The Perfect News Portal

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അന്വേഷണം നിയമപരമല്ല: ഹൈക്കോടതി

കൊച്ചി :സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം നിയമപരമല്ലെന്ന് ഹൈക്കോടതി. മജിസ്ട്രേട്ട് മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടത്തുന്ന അന്വേഷണത്തിന് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ വ്യക്തമാക്കി. നീന്തല്‍ അറിയാവുന്ന സ്വാമി മുങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേസന്വേഷിക്കുകയാണ് വേണ്ടത്. ഇതുവരെ നടന്ന അന്വേഷണം നിയമപരമല്ല. എല്ലാ അന്വേഷണവും ക്രിമിനല്‍നടപടിക്രമപ്രകാരം എഫ്ഐആര്‍ സമര്‍പ്പിച്ചശേഷമേ നടത്താവൂവെന്നും കോടതി പറഞ്ഞു.

പാലക്കാട്ടെ അഴിമതിവിരുദ്ധ മനുഷ്യാവകാശ കൌണ്‍സില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ബുധനാഴ്ച പരിഗണിച്ചത്. കുറ്റകൃത്യം നടന്നതായി അന്വേഷണത്തില്‍ വ്യക്തമായാല്‍ മാത്രമേ മജിസ്ട്രേട്ട് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണം നടത്താനാവൂവെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ്അലി വിശദീകരിച്ചു. ഇതുവരെ നടത്തിയ അന്വേഷണങ്ങളിലൊന്നും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കര്‍മപദ്ധതി രൂപീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ കര്‍മപദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയിട്ട് എന്തു പ്രയോജനമെന്ന് വിശദീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.