KOYILANDY DIARY

The Perfect News Portal

സിപിഐ എമ്മിനെതിരായ കള്ളക്കഥ പൊളിഞ്ഞു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുടി സ്വയംമുറിച്ചത്

തിരുവനന്തപുരം > തദ്ദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയുടെ മുടി സിപിഐ എമ്മുകാര്‍ മുറിച്ചുവെന്ന കള്ളക്കഥ പൊളിഞ്ഞു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിലെ കൊല്ലായില്‍ ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതികുമാരിയുടെ മുടിമുറിക്കല്‍ കഥ കള്ളമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ സതികുമാരി സ്വയം മുടിമുറിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ, മുടിമുറിക്കല്‍ ദേശീയവിഷയമാക്കി സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരനും  മലയാള മനോരമ പത്രവും നാണംകെട്ടു.

സതികുമാരി സിപിഐ എമ്മിലെ സുജാതാദേവിയോട് 614 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഫലം വന്നതിനു പിന്നാലെയാണ്കള്ളക്കഥ മെനഞ്ഞത്. 12ന് വൈകിട്ട് 6.45ന് അമരവിള നീറകത്തല ക്ഷേത്രത്തിനടുത്ത ഇടറോഡില്‍ വച്ച് രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി മുടിമുറിച്ചെന്നായിരുന്നു പരാതി. അക്രമികള്‍ സിപിഐ എമ്മുകാരാണെന്ന രീതിയില്‍ പ്രചാരണവും വന്നു. മലയാള മനോരമ ഇത് ചിത്രംസഹിതം ഒന്നാംപേജില്‍ നല്‍കി. എന്നാല്‍, പാറശാല സിഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടുകഥയാണെന്ന് വ്യക്തമായി.  സ്വന്തം മുടി സതികുമാരി മുറിച്ചതാണെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി, റൂറല്‍ ജില്ലാ പൊലീസ് ചീഫ് എസ്പി ഷെഫീന്‍ അഹമ്മദിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പൂഴ്ത്തി സിപിഐ എം പ്രവര്‍ത്തകരെ പ്രതികളാക്കുന്ന റിപ്പോര്‍ട്ട് തട്ടിക്കൂട്ടാന്‍  ജില്ലാ പൊലീസ് ചീഫിന് വന്‍ സമ്മര്‍ദമുണ്ട്. ഇതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.

സതികുമാരിയുടെ മൊഴി സംശയകരമാണെന്ന് അന്വേഷണത്തിനു നേതൃത്വംനല്‍കിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.

Advertisements

അക്രമത്തിനിടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റതായി സതികുമാരി മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് പരിക്കൊന്നുമില്ലെന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ മൊഴി. മുടിമുറിച്ച കാര്യം ആദ്യദിവസം സതികുമാരി പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ മൊഴിനല്‍കിയിട്ടുണ്ട്. അടുത്തദിവസമാണ് ഇക്കാര്യം ഡോക്ടറോട് പറഞ്ഞതും വൂണ്ട്സര്‍ട്ടിഫിക്കറ്റില്‍ എഴുതിയതും.  കത്തികൊണ്ടാണ് മുടിമുറിച്ചതെന്നാണ് പരാതിയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ സംഭവംനടന്ന സ്ഥലത്ത് മുടിയുടെ അവശിഷ്ടം ഉണ്ടാകണം. ഫോറന്‍സിക് പരിശോധനയില്‍ ഇവ കണ്ടെത്താനായിട്ടില്ലെന്നും  പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

വയനാട്ടില്‍ ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സുധീരന്‍, സതികുമാരിയുടെ അടുക്കലേക്ക് പാഞ്ഞെത്തി. അവര്‍ക്ക് കെപിസിസി സാമ്പത്തികസഹായവും നല്‍കി. കോണ്‍ഗ്രസിന്റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്കാരികനായകര്‍ പ്രസ്താവനയും ഇറക്കിയിരുന്നു.