KOYILANDY DIARY

The Perfect News Portal

വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍ നെല്‍ കൃഷി തിരിച്ചു വരുന്നു

കുറ്റ്യാടി: ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച തരിശു ഭൂമി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയിലൂടെ വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍ നെല്‍ കൃഷി തിരിച്ചു വരുന്നു. ജില്ലയിലെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്ന വേളം പഞ്ചായത്തില്‍ നാല് പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് നെല്‍ കൃഷിയിറക്കുന്നത്.

പെരുവയല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം ഏക്കര്‍ സ്ഥലത്ത് മകര പുഞ്ച കൃഷിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് നെല്‍ കൃഷി വിപുലപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയത്. പാടശേഖര സമിതിയിലെ നൂറോളം വരുന്ന അംഗങ്ങള്‍ ഈ മഹത് പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.

കൃഷിഭവന്‍ മുഖേന ആവശ്യത്തിന് വിത്ത് ലഭിക്കുന്നുണ്ടെങ്കിലും വളവും മറ്റ് സംവിധാനങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. നിലം ഉഴാന്‍ ആവശ്യത്തിന് ട്രില്ലര്‍ ഇല്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.ഇത്രയും വിശാലമായ ഭൂമി കൃഷിക്ക് പാകപ്പെടുത്തിയത് ഒറ്റ ട്രില്ലറിന്റെ സഹായത്തോടെയാണ്.

Advertisements

ചാണകവും പച്ചിലയും മറ്റ് ജൈവവളങ്ങളും മാത്രം ഉപയോഗിച്ചാണ് കൃഷി. ജലസേചന സൗകര്യത്തിന്റെ കാര്യത്തിലും വലിയ പ്രയാസം ഇവര്‍ നേരിടുന്നുണ്ട്. പാടത്തിന് സമീപത്തെ തോടിനെ അശ്രയിച്ചാണ് മകര പുഞ്ച തുടങ്ങിയതെങ്കിലും വേനല്‍ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാവും. നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പച്ച പുതച്ച നെല്‍ വയലുകള്‍ വീണ്ടും പുനര്‍ജനിക്കുമ്ബോള്‍ അത് പുതുതലമുറയ്ക്ക് പുതിയ അനുഭവമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *