KOYILANDY DIARY

The Perfect News Portal

വിശന്നു വലഞ്ഞ വൃദ്ധന് ഭക്ഷണം നല്‍കി നാട്ടുകാര്‍

കോട്ടയം: പാലക്കാട് ഭക്ഷണം തേടിയിറങ്ങിയ ആദിവാസി യുവാവിന് നാട്ടുകാര്‍ മരണം സമ്മാനിച്ചെങ്കില്‍ കോട്ടയം എരുമേലിയില്‍ വിശന്നു വലഞ്ഞ വൃദ്ധന് ഭക്ഷണം നല്‍കിയാണ് നാട്ടുകാര്‍ മാതൃകയായത്. തമിഴ്‌നാട് പെരിയകുളം സ്വദേശിയായ ഗുരുസ്വാമി വിശപ്പിനെ തുടര്‍ന്ന് മണ്ണുവാരി കഴിക്കുന്നതു ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഭക്ഷണവും വെള്ളവും വാങ്ങി നല്‍കുകയായിരുന്നു. അസുഖ ബാധിതനായ ഇയാള്‍ക്ക് നാട്ടിലേക്കു പോകാനുള്ള വണ്ടിക്കൂലി നല്‍കി പൊലീസും നാട്ടുകാര്‍ക്കൊപ്പം സഹകരിച്ചു.

തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയായ ഗുരുസ്വാമി (53) ആണ് വിശന്നു വലഞ്ഞ് എരുമേലിയിലെത്തിയത്. 15 ദിവസം മുന്‍പ് നാട്ടില്‍ നിന്നുമെത്തി ശബരിമലയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇതിനിടയില്‍ കാലിന് അസുഖം ബാധിച്ച്‌ ജോലി നഷ്ടമായി. ജോലി ചെയ്ത പണം കിട്ടാത്തതിനാല്‍ കൈയിലുണ്ടായിരുന്ന കാശിന് കെഎസ്‌ആര്‍ടിസി ബസില്‍ കയറി എരുമേലിയിലെത്തി. ഇതോടെ പണം തീര്‍ന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചില്ല. വിശപ്പ് സഹിക്കാനാവാതെ വന്നതോടെയാണ് റോഡരികില്‍ നിന്നും മണ്ണു വാരി തിന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇതു കണ്ടു നിന്ന സമീപത്തുള്ള കടക്കാര്‍ ഓടിയെത്തി തടയുകയായിരുന്നു.

തുടര്‍ന്ന് എരുമേലിയെ ഒരു സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിന്റെ മാനേജര്‍ അടുത്ത കടയില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കി. സംഭവം അറിഞ്ഞെത്തിയ എരുമേലി എസ്‌ഐ മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഇയാളെ ബസില്‍ കയറ്റി നാട്ടിലേയ്ക്ക് പറഞ്ഞയച്ചു. ഇതിനിടെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് പണം സ്വരൂപിച്ചു നല്‍കിയിരുന്നു. പൊലീസും ഇയാള്‍ക്ക് വണ്ടിക്കൂലിയും ചെലവിനുമുള്ള പണവും നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വൃദ്ധന് സ്വാന്തനവും സഹായവുമായി വ്യാപാരികളും, നാട്ടുകാരും, പോലീസും എത്തിയതോടെ ഒരിക്കല്‍ കൂടി നന്മയുടെ മാതൃകയാകുകയായിരുന്നു എരുമേലി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *