KOYILANDY DIARY

The Perfect News Portal

വയനാട് ചുരംവഴി വന്ന യാത്രക്കാര്‍ക്ക് ഒമ്പതാം വളവിലെ ആ കാഴ്ച ശ്വാസമടക്കിമാത്രമേ കാണാനായുള്ളൂ

താമരശ്ശേരി: തിങ്കളാഴ്ച നാലുമണിയോടെ വയനാട് ചുരംവഴി വന്ന യാത്രക്കാര്‍ക്ക് ഒമ്പതാം വളവിലെ ആ കാഴ്ച ശ്വാസമടക്കി മാത്രമേ കാണാനായുള്ളൂ. ചുരമിറങ്ങിവന്ന ഒരു കാര്‍ റോഡിലെ സുരക്ഷാഭിത്തിയില്‍നിന്ന് കൊക്കയിലേക്ക് കൂപ്പുകുത്തിനില്‍ക്കുന്നു. കൊക്കയുടെ മുകള്‍ഭാഗത്തെ മണ്ണില്‍ കാറിന്റെ മുന്‍ഭാഗം പൂണ്ടുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാര്‍ വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഫറോക്ക് സ്വദേശികളായ ഒമ്പതുപേര്‍ കാറിലുണ്ടായിരുന്നു. വളവിലെ ഇറക്കമിറങ്ങുന്നതിനിടെ കാറിലെ ഡീസല്‍ തീര്‍ന്നുപോയതോടെ ബ്രേക്കിന്റെ നിയന്ത്രണംവിട്ട് നേരെ കൊക്കയിലേക്ക് പായുകയായിരുന്നു.

സുരക്ഷാഭിത്തിയും കടന്ന് കാര്‍ കൊക്കയിലേക്ക് ചാടി. കൊക്കയുടെ മുകള്‍ഭാഗത്ത് ഏതാനും മീറ്റര്‍മാത്രം വീതിയിലുള്ള ചെറിയ മണ്‍തിട്ടയില്‍ കാറിന്റെ മുന്‍ഭാഗം കുത്തിനിന്നു. അല്‍പ്പംകൂടി ഇടതുഭാഗത്തേക്കാണ് കാര്‍ ചാടിയിരുന്നതെങ്കില്‍ കൊക്കയുടെ ആഴത്തിലേക്ക് പതിക്കുമായിരുന്നു. സുരക്ഷാഭിത്തിയില്‍നിന്ന് തൂങ്ങിനിന്ന കാറില്‍നിന്നും യാത്രക്കാര്‍ ഒരുവിധം പുറത്തുവന്ന് റോഡില്‍ക്കയറുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *