KOYILANDY DIARY

The Perfect News Portal

മലമ്പനി കണ്ടെത്തിയ എലത്തൂര്‍മേഖലയില്‍ ആരോഗ്യവകുപ്പ് അഞ്ച് അനോഫിലസ് പെണ്‍ കൊതുകുകളെ കണ്ടെത്തി

കോഴിക്കോട്: മലമ്പനി കണ്ടെത്തിയ എലത്തൂര്‍മേഖലയില്‍ ആരോഗ്യവകുപ്പ് രാത്രി നടത്തിയ പരിശോധനയില്‍ രോഗം പരത്തുന്ന അഞ്ച് അനോഫിലസ് പെണ്‍ കൊതുകുകളെ കണ്ടെത്തി. മന്ത് പരത്തുന്ന ക്യൂലക്‌സ, മൊന്‍സാനിയ വര്‍ഗത്തില്‍പ്പെട്ട കൊതുകുകളെയും കണ്ടെത്തിയിട്ടുണ്ട്. കൊതുകിന്റെ ഉറവിടകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി 66 ഇടത്തെ വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കി. പ്രദേശത്തെ ആഴക്കുറവുള്ള കിണറുകളില്‍ കൊതുകിന്റെ ലാര്‍വ നശിപ്പിക്കാന്‍ 32 ഗപ്പി മത്സ്യങ്ങളെ  നിക്ഷേപിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് രക്തപരിശോധനനടത്തി. 228 പേരുടെ രക്തമാണ് പരിശോധിച്ചത്. ഇവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍.സരിതയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിമാടുകുന്ന് പൂളക്കടവിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന രണ്ടുസ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇവിടെ അന്‍പതോളം പേര്‍ ഒരു ഷെഡ്ഡില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നതായി കണ്ടെത്തി. ഇവിടങ്ങളിലെ പാചകപ്പുരയും ശൗചാലയവും പരിസരവും പരിതാപകരമായ അവസ്ഥയിലുള്ളതാണെന്ന് ഡി.എം.ഒ. അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കും. പരിശോധന തുടരുമെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.