KOYILANDY DIARY

The Perfect News Portal

മനോദൗര്‍ബല്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അഗതിമന്ദിരത്തില്‍ താമസിപ്പിച്ച യുവതിയെ കൂട്ടുകാരി മോചിപ്പിച്ചു

ഏറ്റുമാനൂര്‍: മനോദൗര്‍ബല്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അഗതിമന്ദിരത്തില്‍ താമസിപ്പിച്ചിരുന്ന യുവതിയെ കൂട്ടുകാരി കോടതി ഉത്തരവിലൂടെ മോചിപ്പിച്ചു.ഇവരെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാനും കൂട്ടുകാരിയും അമ്മയും തയാറായി. കൈപ്പുഴ സ്വദേശിനിയായ 28കാരിക്കാണ് ഉറ്റകൂട്ടുകാരി തുണയായത്.

മോചിതയായ കുട്ടി അച്ഛന്റെ ആദ്യഭാര്യയിലെ മകളാണ്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ജോലി രാജിവെയ്പ്പിച്ച്‌ വീട്ടുതടവിലാക്കിയെന്ന് കാട്ടി, സുഹൃത്തായ അമ്പിളി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് അമ്പിളി ഏറ്റുമാനൂര്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.

അച്ഛനെ കോടതി വിളിച്ചുവരുത്തി യുവതിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛന്‍ തയ്യാറായില്ല. തുടര്‍ന്ന് കോടതിനിര്‍ദേശപ്രകാരം വനിതാപോലിസ് യുവതിയെ ഇടുക്കിയിലെ ഒരു അഭയ കേന്ദ്രത്തില്‍നിന്ന് കണ്ടെത്തി മോചിപ്പിച്ചു. പിന്നീട് കോട്ടയത്തെ പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചു.

Advertisements

കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ മാനസികപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നാണ് യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് മജിസ്ട്രേറ്റ് കെ.എം.രതീഷ്കുമാര്‍ ഉത്തരവ് നല്‍കിയത്. മോചിതയായ യുവതിയുടെ ബന്ധുവും സമപ്രായക്കാരിയുമാണ് അമ്പിളി.

Leave a Reply

Your email address will not be published. Required fields are marked *