KOYILANDY DIARY

The Perfect News Portal

നിയമസഭയ്ക്ക് മുൻപിൽ എൽ.ഡി.എഫ് മാർച്ച്‌; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം> മുഖ്യമന്ത്രി അടക്കമുള്ള  മന്ത്രിമാര്‍ അഴിമതി ആരോപണവും അന്വേഷണവും  നേരിടുന്ന സാഹചര്യത്തില്‍ കോഴ സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. രാവിലെ നയപ്രഖ്യപന  പ്രസംഗത്തിനായി ഗവര്‍ണര്‍ ജസ്റ്റീസ് പി സാദശിവം എത്തിയതോടെ പ്രതിഷേധ ബാനറുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്നു. ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന് എഴുന്നേറ്റപ്പോള്‍ കോഴ സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇതോടെ നിങ്ങളുടെ വികാരം മനസിലാക്കുന്നതായും പ്രതിഷേധം ഗവര്‍ണര്‍ക്ക് നേരെയല്ലെന്നും സര്‍ക്കാരിന് നേരെയാണെന്ന് അറിയാമെന്നും എങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ പേരെടുത്ത് വിളിച്ചും ഗവര്‍ണര്‍ അഭ്യര്‍ത്ഥന നടത്തി. രാജ്യം മുഴുവന്‍ നിങ്ങളുടെ  പ്രതിഷേധം കാണുന്നുണ്ടെന്നും പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും അതേസമയം തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്നും  ആവശ്യപ്പെട്ടു.

നിശബ്ദരായിരിക്കാന്‍ ആകില്ലെങ്കില്‍  പുറത്ത്പോകാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും പ്രതിപക്ഷത്തോടൊപ്പം സഭ ബഹിഷ്ക്കരിച്ചു. സഭ ബഹിഷ്ക്‌കരിച്ച അംഗങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സഭക്ക് പുറത്ത് നടത്തുന്ന ധര്‍ണക്കൊപ്പം ചേര്‍ന്നു. ധര്‍ണ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

Advertisements

മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന സാഹചര്യത്തില്‍   ഗവര്‍ണര്‍ നയപ്രഖയാപനം നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണരെ കണ്ടിരുന്നു.