KOYILANDY DIARY

The Perfect News Portal

നരേന്ദ്രമോദി ഡൊണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

വാഷിംഗ്ടണ്‍ : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയ ശേഷം ഇരുവരും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഇതിനകം മൂന്ന് തവണ ഫോണില്‍ സംഭാഷണം നടത്തിയ മോദിയും ട്രംപും നടത്തുന്ന സുപ്രധാന കൂടിക്കാഴ്ചയില്‍ സിവില്‍ ന്യൂക്ലിയര്‍ കരാര്‍, ഭീകരവാദം, പ്രതിരോധ, സാമ്പത്തിക, ഊര്‍ജ്ജ മേഖകളിലെ സഹകരണം, തുടങ്ങിയവ ചര്‍ച്ചയാകും.

യഥാര്‍ത്ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് മോദിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തു. അഞ്ചുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.മോദിയുടെ സന്ദര്‍ശനം പ്രധാനപ്പെട്ടതെന്നും, ആദ്യ ട്രംപ്-മോദി കൂടിക്കാഴ്ച അവിസ്മരണീയമാക്കാന്‍ നടപടി പൂര്‍ത്തിയായെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കെതിരായ വംശീയ ആക്രമണവും, ഭീകരവാദത്തിനെതിരായ പോരാട്ടവും, പാകിസ്താന്‍ പ്രശ്നവുമെല്ലാം മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. നിരവധി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന എച്ച്‌ വണ്‍ ബി വിസ നിയന്ത്രണ വിഷയവും ചര്‍ച്ചയാകുമെന്നാണ് സൂചന.

Advertisements

ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നരേന്ദ്രമോദിയ്ക്ക് ട്രംപ് വിരുന്നൊരുക്കും. പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസില്‍ വിദേശ രാഷ്ട്ര തലവന് വിരുന്നൊരുക്കുന്നത്. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ നിരവധി കരാറുകള്‍ ഒപ്പുവെയ്ക്കും. ഇരുനേതാക്കളും സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കും.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്‌.ആര്‍. മക്മാസ്റ്റര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്, കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസ്, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *