KOYILANDY DIARY

The Perfect News Portal

ഡൽഹി: എ. കെ. ജി. ഭവന് നേരെ സംഘവരിവാർ അക്രമം

ഡൽഹി > അക്രമാസക്തരായ സംഘപരിവാര്‍ ക്രിമിനലുകള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്‍ ആക്രമിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എത്തിയ അക്രമിസംഘം ഓഫീസിനു മുന്നിലെ ബോര്‍ഡില്‍ കരിഓയില്‍ ഉപയോഗിച്ച് ‘പാകിസ്ഥാനി ഓഫീസ്’ എന്നെഴുതി. തുടര്‍ന്ന് സിപിഐ എമ്മിനെ ആക്ഷേപിച്ച് അസഭ്യം വിളിച്ച് ഓഫീസിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. പാര്‍ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമികളെ ചെറുത്തു. അക്രമിസംഘത്തില്‍പ്പെട്ട സുശാന്ത് എന്നയാളെ പിടികൂടി പൊലീസിനു കൈമാറി.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എ കെ ജി ഭവനുമുന്നിലെ വരാന്തയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച് നില്‍ക്കവെയാണ് ആക്രമണം നടന്നത്. ബോര്‍ഡ് വികൃതമാക്കിയശേഷം അക്രമികള്‍ ആക്രോശിച്ചുകൊണ്ട് പാര്‍ടി ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഓഫീസില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് യെച്ചൂരി നിര്‍ദേശം നല്‍കി. പാര്‍ടി പ്രവര്‍ത്തകര്‍ പുറത്തുവന്ന് തടഞ്ഞതോടെ അക്രമികള്‍ പിന്തിരിഞ്ഞു. ചിലര്‍ തിരിച്ചുവന്ന് വീണ്ടും ആക്രമണത്തിന് ശ്രമിച്ചെങ്കിലും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ ഓടിമറഞ്ഞു. സംഘപരിവാറിന്റെ ആക്രമണത്തെ രാഷ്ട്രീയമായും ജനാധിപത്യപരമായും നേരിടുമെന്ന് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. അതിനുള്ള ശേഷി പാര്‍ടിക്കുണ്ട്. യഥാര്‍ഥ രാജ്യസ്നേഹികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ ഉണ്ടായ ഭീരുത്വപരമായ ആക്രമണത്തെ പാര്‍ടി പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും അവര്‍ക്ക് പ്രേരണ നല്‍കിയവര്‍ക്കും എതിരായി നടപടി സ്വീകരിക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനെ ‘ദേശീയ വീരനായകനായി’ ആരാധിക്കുന്ന വിവേകശൂന്യര്‍ക്കുമാത്രമേ സിപിഐ എമ്മിനെ ദേശവിരുദ്ധരെന്ന് ആക്ഷേപിക്കാന്‍ സാധിക്കൂ. ഇത്തരക്കാരില്‍നിന്ന് സിപിഐ എമ്മിന് രാജ്യസ്നേഹത്തിന്റെ സാക്ഷ്യപത്രം ആവശ്യമില്ലെന്ന് പിബി വ്യക്തമാക്കി.

Advertisements

എ കെ ജി ഭവനുനേരെ ഉണ്ടായത് രാഷ്ട്രീയപ്രേരിതമായ ആക്രമണമാണ്. ഈ വെല്ലുവിളിയെ പാര്‍ടി രാഷ്ട്രീയമായി നേരിടും. ഇത്തരം ആക്രമണങ്ങളെ പാര്‍ടി സ്വയം പ്രതിരോധിക്കും. സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രമായി അന്വേഷിക്കണം.