KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. നിലവില്‍ എട്ട് പാസഞ്ചര്‍ വണ്ടികള്‍ ചേമഞ്ചേരി സ്റ്റേഷനില്‍ നിര്‍ത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.20-ന് മംഗലാപുരം -കോയമ്പത്തൂര്‍ പാസഞ്ചറും തിരിച്ച് ഉച്ചയ്ക്കുള്ള കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറും കൂടി ഈ സ്റ്റേഷനില്‍ നിര്‍ത്തിയാല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകമെന്ന നിലയില്‍ രാവിലെയുള്ള പരശുറാം എക്‌സ്​പ്രസും നിര്‍ത്തിയാല്‍ കോഴിക്കോട് എത്തേണ്ട ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ മറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം ഉപകരിക്കും. ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രിട്ടീഷ് ഭരണത്തോടുള്ള പ്രതിഷേധസൂചകമായി ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസിനോടൊപ്പം ഈ റെയില്‍വേ സ്റ്റേഷനും തീ കൊടുത്തിരുന്നു.

സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി സമീപകാലത്ത് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം ദീര്‍ഘിപ്പിച്ചിരുന്നു. പ്ലാറ്റ്‌ഫോമിന് മുകളില്‍ മേല്‍ക്കൂര സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേപോലെ ഇരിപ്പിടങ്ങളും സ്ഥാപിക്കണം. സ്റ്റേഷന്‍ പരിസരത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ രാത്രി വണ്ടി ഇറങ്ങിവരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലിയ പ്രയാസത്തിലാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *