KOYILANDY DIARY

The Perfect News Portal

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി

ദില്ലി: ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി. അക്രമം തടയാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു. ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹ്സീന്‍ പൂനേവാല നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

പശുവിന്റെ പേരില്‍ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച്‌ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കണം. ജില്ലാ പൊലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരാക്കി വേണം നടപടികള്‍ സ്വീകരിക്കാന്‍. അതിക്രമങ്ങള്‍ തടയാന്‍ എടുത്ത നടപടികള്‍ വിശദീകരിച്ച്‌ ചീഫ് സെക്രട്ടറിമാര്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

കേസില്‍ നേരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി വിശദീകരണം തേടിയിരുന്നു. എന്നാല്‍ പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്നും അക്രമം തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. പശുവിന്റെ പേരില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു അക്രമം നടന്ന സംസ്ഥാനങ്ങള്‍ നല്‍കിയ മറുപടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *