KOYILANDY DIARY

The Perfect News Portal

കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്

കുമളി: കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്. വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിട്ടുകൊണ്ടുള്ള തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇന്റലിജന്‍സ് നല്‍കിയ കത്ത് ജില്ലാ ഭരണകൂടം പൂഴ്ത്തി. വേബ്രിഡ്ജില്‍ തകരാറുകള്‍ സൃഷ്ടിച്ചാണ് കുമളി ചെക്ക് പോസ്റ്റില്‍ തട്ടിപ്പ് അരങ്ങേറുന്നത്.

കുമളി ചെക്ക്പോസ്റ്റില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച്‌ ഇന്റലിജന്‍സ് എ.ഡി.ജി.പി 2014 നവംബര്‍ 13 ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ കത്തില്‍ ചെക്ക്പോസ്റ്റ് വേ ബ്രിഡ്ജ് 2009 മുതല്‍ പ്രവര്‍ത്തനരഹിതമായിട്ടും ഇത് പരിഹരിക്കാത്തത് ചെക്ക്പോസ്റ്റിലൂടെ കള്ളക്കടത്ത് നടത്തുന്നതിനു വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2012 ജൂലൈ 15 ന് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ അമോണിയം നൈട്രേറ്റ് പിടികൂടിയതോടെയാണ് വേബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിലച്ചതു സംബന്ധിച്ച്‌ പോലീസ് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്. സര്‍ക്കാരിന് വന്‍ നികുതി നഷ്ടമുണ്ടാക്കുന്ന ഗുരുതരമായ ഈ കണ്ടെത്തല്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല.

Advertisements

വേബ്രിഡ്ജ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടമായാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വലിയ ലോറികളിലും മറ്റ് വാഹനങ്ങളിലും കൊണ്ടുപോകുന്ന ചരക്കുകളുടെ യഥാര്‍ത്ഥ തൂക്കം അറിയാനും ലോഡില്ലാത്ത വാഹനങ്ങളില്‍ രഹസ്യ അറകളുണ്ടാക്കി സാധനങ്ങള്‍ കടത്തിയാല്‍ അതു കണ്ടെത്താനും വേ ബ്രിഡ്ജ് ഉപയോഗിച്ച്‌ സാധിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇത്തരം എന്തു തട്ടിപ്പുകള്‍ നടന്നാലും കണ്ടെത്താന്‍ കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ സംവിധാനമില്ല.