KOYILANDY DIARY

The Perfect News Portal

കാണികളേയും ബന്ധുക്കളേയും മുൾമുനയിൽ നിർത്തി മജിഷ്യയുടെ വിവാഹം കൗതുകമായി

ആലപ്പുഴ: താലികെട്ടാന്‍ മുഹൂര്‍ത്തം അടുത്തു.. കാരണവന്മാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം താലികെട്ട് വീക്ഷിക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. തിരൂര്‍ ജയങ്കറിന്റെ നേതൃത്വത്തില്‍ നാദസ്വരവും മുറുകി.. എന്നിട്ടും വധുവിനെയും വരനെയും മാത്രം കാണാനില്ല. മുഹൂര്‍ത്തം മുടങ്ങുമല്ലോയെന്ന് കാരണവന്മാര്‍ പറഞ്ഞു തുടങ്ങി. ബന്ധുക്കളില്‍ ചിലരുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. ചുരുക്ക നേരം കൊണ്ട് എല്ലാവരും പറഞ്ഞു വധുവിനെ കാണാനില്ല..! വരനും അപ്രത്യക്ഷനായി.. എന്താണ് സംഭവിച്ചത്. ചിലര്‍ വധൂവരന്മാരെ തിരക്കി പോകാന്‍ ഒരുങ്ങിയപ്പോള്‍ അതാ മണ്ഡപത്തിലെ പുകപടലങ്ങള്‍ക്കിടയില്‍ കുപ്പുകൈയുമായി വധു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വധു വന്നതോടെ പലര്‍ക്കും ആശ്വാസം, എന്നാല്‍ വരന്‍ എവിടെ എന്നതായി അടുത്ത ചോദ്യം. അതിന് പരിഹാരവും വധു തന്നെ കണ്ടെത്തി. ചിരിച്ചു കൊണ്ട് മണ്ഡപത്തിന് സമീപത്തെ താമരമൊട്ടിലേക്ക് കൈനീട്ടി. താമര വിരിഞ്ഞപ്പോള്‍ പുറത്തുവന്നത് വരനും. ഹരിപ്പാട് നടന്ന ഒരു മായാജാല ക്കല്യാണത്തിന്റെ കഥയാണ് പറത്തുവരുന്നത്. മജീഷ്യ അമ്മുവിന്റെ വിവാഹമാണ് മായാജാലങ്ങളുടെ അകമ്പടിയോടെ തന്നെ ഗംഭീരമായി നടന്നത്.

നങ്ങ്യാര്‍കുളങ്ങരയിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് മുതുകുളം വടക്ക് തംബുരുവില്‍ രാജശേഖരന്‍ പിള്ളയുടെയും ശ്രീലതയുടെയും മകളായ അമ്മുവും കോട്ടയം എരുവിച്ചിറ ഉഷസില്‍ ഓമനക്കുട്ടന്‍ നായരുടെയും ഉഷാകുമാരിയുടെയും മകന്‍ വി.ആനന്ദുമായുള്ള വിവാഹം നടന്നത്. ചെറുപ്പം മുതല്‍ക്കേ മാജിക് അഭ്യസിച്ച്‌ ശീലിച്ച അമ്മുവെന്ന ‘മായാജാലക്കാരി’ തന്റെ വിവാഹത്തില്‍ വ്യത്യസ്തത കണ്ടെത്തിയതും മാജിക്കിന്റെ വഴിയേ തന്നെയായിരുന്നു. മുന്‍കൂട്ടിയുള്ള പ്ലാനിംഗോടെയാണ് വിവാഹ വേദിയില്‍ അമ്മു മായാജാലം കാട്ടിയത്. വരന്റെയും അടുത്ത ബന്ധുക്കളുടെയുമൊക്കെ സമ്മതവും ഇതിനുണ്ടായിരുന്നു.

Advertisements

രാവിലെ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഓഡിറ്റോറിയത്തില്‍ വിശിഷ്ടാതിഥികളുടെ മുമ്പിൽ വച്ച്‌ മാജിക് ഷോയുടെ അകമ്പടിയിൽ  വീണ്ടും വിവാഹം നടന്നത്. വധു മജീഷ്യ അമ്മുവായതിനാല്‍ എല്ലാവരും എന്തെങ്കിലും ഒരു സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നു. എന്തായാലും വിവാഹം കൂടാന്‍ എത്തിയവര്‍ക്ക് മാജിക്ക് ഫ്രീയായി കാണാന്‍ പറ്റി. ആര്‍ട്ടിസ്റ്റ് സുജാതനാണ് വിവാഹദേവിയില്‍ മാജിക്കിന് ഉതകുന്ന വിധത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയത്.

ഏഴാമത്തെ വയസ് മുതലാണ് അമ്മു മാജിക്ക് പഠിച്ചു തുടങ്ങിയത്. ഫയര്‍ എസ്കേപ്പ് അടക്കമുള്ള മാജിക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേയിലൂടെ കണ്‍കെട്ടി ബൈക്കോടിച്ചു. കവി കടമനിട്ടയുടെ കവിതകളെ ആസ്പദമാക്കി മാജിക് പരിപാടികളു അമ്മു വതരിപ്പിച്ചിട്ടുണ്ട്. എന്തായാലും വിവാഹ വേദിയിലും മാജിക്കിനോടുള്ള പ്രേമം പ്രകടിപ്പിച്ച അമ്മു ഏവരുടെയും കൈയടി നേടി.

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, മജീഷ്യന്മാരായ സാമ്രാജ്, ആര്‍.കെ.മനയത്ത്, എ.ഡി.ജി.പി ആര്‍.ശ്രീലേഖ തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.