KOYILANDY DIARY

The Perfect News Portal

ഇന്ത്യ കബഡി ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടി

അഹമ്മദാബാദ്: തായ്ലന്‍ഡിനെ 73-20 ന് തകര്‍ത്ത് ഇന്ത്യ കബഡി ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടി. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇറാനാണ് ഇന്ത്യയുടെ എതിരാളികള്‍.കഴിഞ്ഞ ഏഴ് തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാര്‍.

റെയ്ഡില്‍ 42ഉം ടാക്ലിങ്ങില്‍ 18ഉം പോയിന്റുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. റെയ്ഡര്‍മാരായ പ്രദീപ് നര്‍വാള്‍(14 പോയിന്റ്),അജയ് താക്കൂര്‍(11),നിതിന്‍ തോമാര്‍(7)എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ടാക്ലിങ്ങില്‍ മഞ്ജിത് ചില്ലാര്‍, രാഹുല്‍ ചൗധരി എന്നിവരുടെ ഉശിരന്‍ പ്രകടനങ്ങള്‍ ഇന്ത്യയുടെ വിജയം അനായാസമാക്കി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ പിന്നീടങ്ങോട്ട് ഉജ്വല പ്രകടനങ്ങളിലൂടെ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.ക്യാപ്റ്റന്‍ അനൂപ് കുമാറിലൂടെ ആദ്യ പോയിന്റു നേടിയ ഇന്ത്യക്കെതിരെ തായ്ലന്‍ഡ് അക്കൗണ്ട് തുറക്കുമ്പോള്‍ ഇന്ത്യയുടെ പോയിന്റ് ഏഴിലെത്തിയിരുന്നു. ഒന്നാം പകുതിയില്‍ 36-8ന് മുന്നിലായിരുന്നു ആതിഥേയര്‍.

ഇന്ത്യയെ അട്ടിമറിച്ച ദക്ഷിണ കൊറിയയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് ഇറാന്‍ ഫൈനലിലെത്തിയത്. ഒന്നാം പകുതിയില്‍ 13-11ന് മുന്നിട്ടു നിന്നിരുന്ന കൊറിയക്കെതിരെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇറാന്‍ വിജയം പിടിച്ചെടുത്തത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *