KOYILANDY DIARY

The Perfect News Portal

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഒരു പ്രമുഖ സമുദായ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും മൂന്ന് പേരെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായില്ല.

ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ തിരൂരിനുസമീപം പുളിഞ്ചോട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കില്‍ വരവെ അക്രമികള്‍ തടഞ്ഞുനിറുത്തി വെട്ടുകയായിരുന്നു എന്നാണ് കരുതുന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. പ്രതികളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Advertisements

മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് അക്രമമോ സംഘര്‍ഷമോ ഉണ്ടായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *