പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികൻ അറസ്റ്റിൽ. ആറ് മാസമായി ഒളിവിലായിരുന്ന പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. എഡ്വിന് ഫിഗറസിനെയാണ്(45) ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് പുത്തന്‍വേലിക്കര പോലീസ് ഫാ. എഡ്വിന് ഫിഗറസിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ജനുവരി മുതല്‍ പലതവണ വികാരിയച്ചന് പള്ളിമേടയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പള്ളിമേടയിലേയ്ക്ക് വികാരിയച്ചന് നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്. ഏപ്രില്‍ ഒന്നിനു പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്കിയ വിവരം അറിഞ്ഞതിനു പിന്നാലെ വൈദികൻ ഒളിവിൽ പോയി.
പോലീസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വികാരി യു.എ.ഇ.യിലേക്ക് കടന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകന് മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മെയ് 5 വരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. മെയ് നാലിന് വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തിയ എഡ്വിന് ഫിഗറസിനെ വടക്കേക്കര പോലീസ് സ്റ്റേഷനില്‍ ഡിവൈ.എസ്.പി. യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മെയ് 5 ന് ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി. സമൂഹത്തിനു തന്നെ മാതൃകയാകേണ്ടവര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് വലിയ അപരാധമാണെന്നും മുന്‍കൂര്‍ ജാമ്യം നല്കാന് യാതൊരു സാഹചര്യവുമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

