അയൽവാസിയുടെ മർദ്ദനമേറ്റ് പതിനഞ്ചുകാരൻ്റെ കണ്ണിന് ഗുരുതര പരിക്ക്

ഹരിപ്പാട്: അയൽവാസിയുടെ മർദ്ദനനേറ്റ് പതിനഞ്ചുകാരൻ്റെ കണ്ണിന് ഗുരുതര പരിക്ക്. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകൻ അരുൺ കുമാറിനാണ് പുറത്തും കണ്ണിൻ്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പല്ലന മുണ്ടാൻ പറമ്പ് കോളനിയിലെ ശാർങ്ങധരനാണ് (70) വേലിപ്പത്തൽ ഉപയോഗിച്ച് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ച് പരിക്കേൽപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. അയൽവാസികളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ശാർങ്ങധരൻ്റെ ചെറുമക്കളുമുണ്ടായിരുന്നു. അവരെ അടിച്ചു വീട്ടിൽ കൊണ്ടുപോയശേഷം തിരിച്ചുവന്ന് ഒരുകാരണവുമില്ലാതെ അരുൺകുമാറിനെയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകി വീട്ടിലെത്തിച്ചെങ്കിലും കുട്ടിയുടെ നില രാത്രിയോടെ വഷളായി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.


